കോവിഡ് ക്വാറന്റൈന് സെന്ററില്‍ ഒപ്പം ജോലി ചെയ്തിരുന്ന യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ ഡിവൈഎഫ്ഐ നേതാവ് മൂന്നു വര്‍ഷത്തിനു ശേഷം അറസ്റ്റില്‍.
ഡിവൈഎഫ്ഐ മുന്‍ മേഖലാ സെക്രട്ടറിയായിരുന്ന സീതത്തോട് മംഗലശേരി വീട്ടില്‍ മനു എന്ന് വിളിക്കുന്ന എംപി പ്രദീപിനെ(36)യാണ് മൂഴിയാര്‍ എസ്എച്ച്ഓ ഗോപകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ രഹസ്യ നീക്കത്തിനൊടുവില്‍ ഡല്‍ഹിയില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇയാളെ നാളെ നാട്ടിലെത്തിക്കുമെന്നാണ് വിവരം. 2020 നവംബര്‍ 14 നാണ് ഇയാള്‍ക്കെതിരേ പോലീസ് പീഡനക്കേസ് എടുത്തത്.
2020 മെയ് മുതല്‍ ജൂലൈ വരെ രണ്ടര മാസം തുടര്‍ച്ചയായി യുവതിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. ജില്ലാ കലക്ടര്‍ക്കാണ് യുവതി പരാതി നല്‍കിയത്.
കലക്ടര്‍ ഇത് എസ്പിക്ക് കൈമാറുകയും മൂഴിയാര്‍ പോലീസ് കേസെടുക്കുകയുമായിരുന്നു. പീഡന പരാതി വരുമ്പോള്‍ സിപിഎം ലോക്കല്‍ കമ്മറ്റിയംഗവും ഡിവൈഎഫ്ഐ മേഖലയാ സെക്രട്ടറിയുമായിരുന്നു മനു.
ഇയാള്‍ക്കെതിരേ പെണ്‍കുട്ടി പരാതി നല്കിയപ്പോള് ഇത് ഒതുക്കാനുള്ള നീക്കങ്ങള്‍ പാര്‍ട്ടിതലത്തില്‍ തന്നെ നടന്നു.
എന്നാല്‍ അനുനയശ്രമം പൊളിഞ്ഞതോടെ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇയാളെ നീക്കുകയായിരുന്നു.
സിപിഎം കുത്തകയാക്കി കൈവശം വച്ചു പോരുന്ന സീതത്തോട് സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവും കൂടിയായിരുന്നു മനു.
ആങ്ങമൂഴിയില്‍ മാര്‍ത്തോമ്മ സഭയുടെ അധീനതയിലുള്ള കെട്ടിടത്തിലാണ് കോവിഡ് ക്വാറന്റൈന് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നത്.
ഇവിടെ വോളന്റിയറായിരുന്നു മനു. ഇവിടെ നിരീക്ഷണത്തില്‍ കഴിഞ്ഞ ഒരാള്‍ പോസിറ്റീവ് ആയപ്പോള്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശാനുസരണം മനുവും യുവതിയും ക്വാറന്റൈനിലായി.
തുടക്കത്തില്‍ സെന്ററിന്റെ ഒന്നാം നിലയില്‍ വ്യത്യസ്ത മുറികളിലായി കഴിഞ്ഞിരുന്ന ഇരുവരും പിന്നീട് ഒരു മുറിയിലേക്ക് താമസം മാറ്റുകയായിരുന്നു.
ഈ നിലയില്‍ തന്നെ ഒരു മുറി മനു സ്വന്തമാക്കി വച്ചിരുന്നു. രാത്രികാലങ്ങളില്‍ ഇവിടെയാണ് ഇരുവരും കഴിഞ്ഞിരുന്നത്.
ഒരേ നാട്ടുകാര്‍ ആയിരുന്നിട്ടും മനു വിവാഹിതനാണ് എന്ന കാര്യം യുവതിക്ക് അറിയുമായിരുന്നില്ല. അറിഞ്ഞപ്പോഴാണ് താന്‍ ചതിക്കപ്പെടുകയായിരുന്നുവെന്ന് യുവതിക്ക് മനസിലായത്.
മനു പീഡനക്കേസില്‍ പ്രതിയാകുമെന്ന് വന്നതോടെ പാര്‍ട്ടി നേതൃത്വം ഇയാളെ ചുമതലകളില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.
പണിപാളുമെന്ന് മനസ്സിലായതോടെ മനു ഒളിവില്‍ പോവുകയായിരുന്നു. പിന്നീട് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷണം നടത്തിയെങ്കിലും ഇയാളെ കുറിച്ച് സൂചനയൊന്നുമില്ലായിരുന്നു.
ഫോണും സോഷ്യല്‍ മീഡിയയുമൊക്കെ ഉപേക്ഷിച്ചത് അന്വേഷണം ബുദ്ധിമുട്ടിലാക്കി. പ്രതിയെ കണ്ടുപിടിക്കാന്‍ ജില്ലാ പോലീസ് മേധാവി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.
ഇവര്‍ നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതി ഡല്‍ഹിയിലുണ്ടെന്ന് മനസിലാക്കിയത്. തുടര്‍ന്ന് പോലീസ് സംഘം രഹസ്യമായി അവിടെയെത്തി മനുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.