ഡിവൈഎഫ്ഐ വനിതാ നേതാവിന് ബസില്‍ ഇരിക്കാന്‍ സീറ്റു കൊടുക്കാത്തിന് ദമ്പതികള്‍ക്ക് ക്രൂരമര്‍ദനം. പരാതി നല്കാന് ശ്രമിച്ച ഗൃഹനാഥനെതിരേ വനിതാ നേതാവിനെ കൈയ്യേറ്റം ശ്രമിച്ച കുറ്റത്തിന് കേസും. ഇന്നലെ വൈകുന്നേരം കോട്ടയത്തേക്കു പോവുകയായിരുന്ന ബസിലായിരുന്നു സംഭവം. പെരുമ്പാവൂരില്‍നിന്നു ബസില്‍ കയറിയ ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. റെജീനയും എരുമേലി കണമല തേവരുകുന്നേല് അനിലും കുടുംബവുമാണ് ബസില്‍ ഏറ്റുമുട്ടിയത്. സംഭവത്തില്‍ നേതാവിനെതിരേ കേസെടുക്കാതെ ദമ്പതികള്‍ക്കെതിരേ മാത്രം പോലീസ് കേസെടുത്ത നടപടിയാണു വന്‍ പ്രതിഷേധത്തിനു കാരണമായിരിക്കുന്നത്.
ഇരിപ്പിടത്തെ ചൊല്ലിയുണ്ടായ തര്‍ക്കം ബസിനുള്ളില്‍ ബഹളത്തിലും കൈയ്യാങ്കളിയിലും കലാശിക്കുകയായിരുന്നു. ബസ് കച്ചേരിത്താഴത്ത് എത്തിയപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ബസില്‍ കയറി അനിലിനെ മര്ദ്ദിക്കുകയായിരുന്നുവെന്നാണു യാത്രക്കാര്‍ പറയുന്നത്. തുടര്‍ന്നു സ്ഥലത്തെത്തിയ പോലീസ് അനിലിനെയും കുടുംബത്തേയും കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഇതിനിടെ റെജീനയെ പോലീസ് ജീപ്പില്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ ഇടപെട്ട് തടഞ്ഞു. തുടര്‍ന്നു മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ ദമ്പതികളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ദമ്പതികള്‍ക്കെതിരേ കേസെടുത്ത പോലീസ് അനിലിന്റെ ഭാര്യ അമ്പിളിക്കു മാത്രം സ്റ്റേഷന് ജാമ്യം നല്കി. അനിലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
വനിതാനേതാവിനെ കൈയേറ്റം ചെയ്തതിനും അസഭ്യം പറഞ്ഞതിനും ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രശ്നത്തിനു തുടക്കമിട്ട വനിതാനേതാവിനെതിരേയും പരസ്യമായി നടുറോഡില്‍ അക്രമം അഴിച്ചുവിച്ച പാര്ട്ടിപ്രവര്ത്തകര്ക്കെതിരേയും പോലീസ് പെറ്റിക്കേസ് പോലുമെടുത്തില്ല. ഇവര്‍ക്കെതിരേ കേസെടുത്തില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നു മുന്‍ എംഎല്‍എ ജോസഫ് വാഴയ്ക്കന് പറഞ്ഞു. ഭരണത്തിന്റെ അഹങ്കാരമാണ് ഇപ്പോള്‍ നടക്കുന്നത്. നാടെങ്ങും കാട്ടുനീതി പോലീസ് നടപ്പാക്കുകയാണ്. സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ് മൂവാറ്റുപുഴ പോലീസ് നടത്തിവരുന്നത്. വാദിയെ പ്രതിയാക്കുന്ന പോലീസ് നടപടിക്കെതിരേ ശക്തമായ സമരപരിപാടികള്‍ ആവിഷ്കരിക്കാന്‍ തീരുമാനിച്ചതായും വാഴയ്ക്കന് പറഞ്ഞു.