പത്തനംതിട്ട: കടമ്മനിട്ടയിലെ സ്വകാര്യ ലോ കോളജനില് നിയമവിദ്യാര്‍ഥിനിയെ ആക്രമിച്ചു പരിക്കേല്പിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഡിവൈഎഫ്ഐ നേതാവ് ജെയ്സൺ ജോസഫ് പോലീസില്‍ കീഴടങ്ങി. ലോ കോളജില്‍ നാലാംവര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിയും കോളജില്‍ എസ്എഫ്ഐ വിദ്യാര്‍ഥിയും നാട്ടില്‍ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയും സിപിഎം പെരുനാട് ഏരിയാ കമ്മിറ്റിയംഗവുമാണ്.
മുന്‍കൂര്‍ ജാമ്യം തേടി സുപ്രീംകോടതി വരെ പോയിട്ടും രക്ഷയില്ലെന്നു വന്നതോടെയാണ് കീഴടങ്ങല്‍. പിന്നീട് ഹൈക്കോടതിയിലും ജാമ്യത്തിനു ശ്രമിച്ച് അറസ്റ്റ് പരമാവധി വൈകിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇന്നു രാവിലെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ ആറന്മുള എസ്എച്ച്ഒ മുമ്പാകെ ജെയ്സണ്‍ ജോസഫ് കീഴടങ്ങിയത്.
കോളജില്‍ പ്രിന്‍സിപ്പലിനെതിരേ വിദ്യാര്‍ഥികള്‍ സംയുക്തമായി നടത്തിവന്ന സമരത്തില്‍ പങ്കെടുത്തവരുടെ ഹാജര്‍ പ്രശ്നവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് സഹപാഠിയായ വിദ്യാര്‍ഥിനിയെ എസ്എഫ്ഐ നേതാക്കള്‍ ആക്രമിച്ചത്. ആക്രമണത്തില്‍ മൂക്കിന്റെ പാലത്തിനു ക്ഷതമേറ്റ പെണ്‍കുട്ടി പോലീസില്‍ നല്കിയ പരാതിയിലാണ് ജയസ്ണെതിരേ കേസെടുത്തത്.
പിന്നീട് ജയ്സണെ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നതിനിടെ കഴിഞ്ഞ ഫെബ്രുവരി ഒമ്പതിന് സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. അറസ്റ്റ് വീണ്ടും വൈകുന്നതിനെതിരേ പെണ്‍കുട്ടി രംഗത്തുവരികയും ചെയ്തിരുന്നു.