തൃശ്ശൂര്‍: വനിതാ നേതാവിനെ എംഎല്‍എ ഹോസ്റ്റലില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ ആരോപണവിധേയനായ മുന്‍ ഡിവൈഎഫ്ഐ നേതാവ് ജീവന്‍ലാലിനെതിരേ കൂടുതല്‍ പരാതികള്‍. ഇരിങ്ങാലക്കുട പാര്‍ട്ടി പ്രവര്‍ത്തകരാണ് പരാതി കൈമാറിയത്. രണ്ടു വര്‍ഷം മുമ്പ് നടന്ന സംഭവമാണിപ്പോള്‍ ചര്‍ച്ചയാകുന്നത്. മറ്റൊരു പെണ്‍കുട്ടിക്ക് ഇയാളില്‍ നിന്നും സമാന അനുഭവമുണ്ടായതായി പരാതിയില്‍ പറഞ്ഞിരുന്നു. ഇതുകൂടി ഉള്‍പ്പെടുത്തിയാണ് പുതിയ പരാതി നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പാര്‍ട്ടിയിലെ മറ്റു നേതാക്കളോട് ഇക്കാര്യം അന്നുതന്നെ പറഞ്ഞിരുന്നെങ്കിലും നടപടി വാക്കിലൊതുക്കുക മാത്രമായിരുന്നു. ഇതേത്തുടര്‍ന്ന് സജീവ പ്രവര്‍ത്തനങ്ങളില്‍ നിന്നും യുവതി മാറിനില്‍ക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍, പോലീസിന് നല്‍കിയ പരാതിയില്‍ കേസെടുത്ത സാഹചര്യത്തിലാണ് പഴയ പരാതികള്‍ ഉയര്‍ന്നുവരുന്നത്. ജീവന്‍ലാലിനെതിരെ മ്യൂസിയം പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഡി.വൈ.എഫ്.ഐയില്‍നിന്ന് പുറത്താക്കിയ ജീവന്‍ലാലിനെ ഒരുവര്‍ഷത്തേക്കാണ് സി.പി.എം സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശി പ്രതിസ്ഥാനത്ത് നില്‍ക്കുന്ന പീഡനക്കേസില്‍ പ്രതിസന്ധിയിലായ സിപിഎമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയാണ് പുതിയ ആരോപണങ്ങള്‍.