സിപിഎം എംഎല്‍എ പി.കെ. ശശി പീഡിപ്പിച്ച കേസില്‍ വലിയ രീതിയില്‍ പ്രതിഷേധം നടക്കുന്നതിനിടെ മറ്റൊരു പരാതി കൂടി. ഇത്തവണ പ്രതിസ്ഥാനത്ത് ഡിവൈഎഫ്‌ഐ നേതാവാണുള്ളത്. 22കാരിയായ പ്രവര്‍ത്തകയാണ് രംഗത്തെത്തിയിരിക്കുന്നത്. എംഎല്‍എ ഹോസ്റ്റലില്‍വച്ച് അപമാനിക്കാന്‍ ശ്രമിച്ചെന്ന് ഡിവൈഎഫ്‌ഐ നേതാവിനെതിരേ പരാതി നല്‍കിയ യുവ പ്രവര്‍ത്തകയുടെ മൊഴി കാട്ടൂര്‍ പോലീസ് രേഖപ്പെടുത്തി.
ബുധനാഴ്ച രാവിലെയാണ് യുവതി കാട്ടൂര്‍ സ്റ്റേഷനിലെത്തി മൊഴി നല്‍കിയത്. കാട്ടൂര്‍ സ്വദേശിനിയും 22കാരിയുമായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഡിവൈഎഫ്‌ഐ ഇരിങ്ങാലക്കുട ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയും സിപിഎം അംഗവുമായ മാപ്രാണം മാടായിക്കോണം രാമംകുളത്ത് വീട്ടില്‍ ആല്‍.എല്‍. ജീവന്‍ലാലിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസ്.
തിരുവനന്തപുരത്ത് എംഎല്‍എ ഹോസ്റ്റലില്‍ വച്ചാണ് അപമാനിക്കുവാന്‍ ശ്രമിച്ചതായി പരാതിയിലുള്ളത്. കഴിഞ്ഞദിവസം രാത്രി ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്‍ഗീസിനു മുമ്പാകെയാണ് പെണ്‍കുട്ടിയും ബന്ധുക്കളും പരാതി നല്‍കിയത്. ഈസമയം സ്ഥലത്തെത്തിയ എഡിജിപി ബി. സന്ധ്യയോടും പെണ്‍കുട്ടി പരാതി പറഞ്ഞു. അന്വേഷിച്ച് നടപടികള്‍ സ്വീകരിക്കുവാന്‍ കാട്ടൂര്‍ പോലീസിനു പരാതി കൈമാറി.
കാട്ടൂര്‍ പോലീസ് ഡിവൈഎഫ്‌ഐ നേതാവും മാപ്രാണം മാടായിക്കോണം രാമംകുളത്ത് വീട്ടില്‍ ആര്‍.എല്‍. ജീവന്‍ലാലിനെതിരെ കേസെടുത്തു. സംഭവം നടന്നത് തിരുവനന്തപുരത്തായതിനാല്‍ കേസ് അവിടത്തേക്ക് കൈമാറും.
പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നത് ഇപ്രകാരമാണ്- ജൂലൈ പത്തിന് തിരുവനന്തപുരത്ത് എന്‍ട്രന്‍സ് കോച്ചംഗിനു സീറ്റ് ശരിയാക്കികൊടുക്കാമെന്നു പറഞ്ഞാണു കുട്ടിയെ തിരുവനന്തപുരത്ത് എംഎല്‍എ ഹോസ്റ്റലിലേക്ക് കൊണ്ടുപോയത്. സീറ്റ് ശരിയാക്കുന്നതിനുള്ള കാര്യങ്ങള്‍ ചെയ്തു. തിരിച്ചുപോരുന്ന ദിവസം കെ.യു. അരുണന്‍ മാസ്റ്ററുടെ എംഎല്‍എ ഹോസ്റ്റലിലെ മുറിയില്‍വച്ചാണ് അപമാനിച്ചത്. ബാഗ് എടുക്കുവാന്‍ മുറിയില്‍ പ്രവേശിച്ചപ്പോള്‍ ലൈംഗിക ചുവയോടെ കയറി പിടിക്കുകയായിരുന്നു.
ഈ സംഭവം പാര്‍ട്ടി നേതൃത്വത്തിനെ അറിയിച്ചിരുന്നുവെങ്കിലും പാര്‍ട്ടിക്ക് ക്ഷീണം സംഭവിക്കുമെന്നതിനാല്‍ ആരോടും പറയരുതെന്നും പാര്‍ട്ടി നടപടി എടുക്കണമെന്നുമായിരുന്നു പാര്‍ട്ടി നേതൃത്വം അറിയിച്ചത്. സംഭവത്തെക്കുറിച്ച് സിപിഎം ഏരിയ കമ്മിറ്റിക്കും ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിക്കും മഹിളാ അസോസിയേഷനും പെണ്‍കുട്ടി പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല. ആരോപണ വിധേയനായ യുവ നേതാവിനെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കുമെന്നു ഏരിയ സെക്രട്ടറി അറിയിച്ചിരുന്നുവെങ്കിലും ഈ യുവ നേതാവിനെ സംരക്ഷിക്കാനാണ് പാര്‍ട്ടി ശ്രമിച്ചതെന്ന് പെണ്‍കുട്ടി ആരോപിച്ചു.
രണ്ടുദിവസം മുന്പു വരെ നടപടിയെ സംബന്ധിച്ച് പാര്‍ട്ടി നേതൃത്വത്തോടു സംസാരിച്ചിരുന്നു. സംഭവത്തിനുശേഷം ജീവന്‍ലാല്‍ വീട്ടിലെത്തി യുവതിയോടും വീട്ടുകാരോടും മാപ്പു പറയുകയും പരാതി നല്‍കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പലതവണ പരാതി നല്‍കിയിട്ടും യുവ നേതാവിനെതിരെ പാര്‍ട്ടി നടപടി എടുക്കാത്തതിനാലാണ് പോലീസില്‍ പരാതി നല്‍കിയത്. പ്രതിക്കെതിരെ നിയമനടപടികളുമായി ഏതറ്റവും വരെ പോകുമെന്നും ഇനി ഒരു പെണ്‍കുട്ടിക്കും ഇതുപോലെ ഒരവസ്ഥയുണ്ടാകരുതെന്നും പെണ്‍കുട്ടി പറഞ്ഞു.
അതേസമയം ആരോപണ വിധേയനായ ഡിവൈഎഫ്‌ഐ നേതാവിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ മാപ്രാണത്ത് പ്രകടനം നടത്തി. ബിജെപി മുനിസിപ്പല്‍ സെക്രട്ടറിമാരായ ഷാജുട്ടന്‍, വിജയന്‍ പാറേക്കാട്ട്, വൈസ് പ്രസിഡന്റ് ഷൈജു കുറ്റിക്കാട്ട്, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി കെ.പി. വിഷ്ണു, ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹ് ധനേഷ്, സി.വി. ഷിബു എന്നിവര്‍ നേതൃത്വം നല്‍കി.
എംഎല്‍എ ഹോസ്റ്റലില്‍ വച്ച് പെണ്‍കുട്ടിയെ അപമാനിക്കുവാന്‍ ശ്രമിച്ച ഡിവൈഎഫ്‌ഐ ഇരിങ്ങാലക്കുട ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ആര്‍.എല്‍. ജീവന്‍ലാലിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് ടി.എസ് സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എംഎല്‍എ ഹോസ്റ്റലിനെ ക്രിമിനലുകള്‍ക്കു തുറന്നുകൊടുത്ത ഇരിങ്ങാലക്കുട എംഎല്‍എ കെ.യു. അരുണന്‍ രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡിവൈഎഫ്‌ഐയിലെ പെണ്‍കുട്ടികള്‍ക്ക് രക്ഷയില്ലാത്ത അവസ്ഥയാണുള്ളതെന്നാണ് ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങള്‍ തെളിയിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു.
ഡിവൈഎഫ്‌ഐ നേതാവിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവൈഎസ്പി ഓഫീസിലേക്ക് കോണ്‍ഗ്രസ് പൊറത്തിശേറി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്നു മാര്‍ച്ച് നടക്കും. ഇന്നു വൈകീട്ട് അഞ്ച് മണിക്ക് മാപ്രാണം ജംഗ്ഷനില്‍ നിന്നും മാര്‍ച്ച് ആരംഭിക്കും.
വനിത യുവനേതാവിനെ അപമാനിക്കാന്‍ ശ്രമിച്ച ഡിവൈഎഫ്‌ഐ നേതാവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്നു രാവിലെ ബിജെപി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും