കൊല്ലം: എസ്എഫ്ഐ പ്രവർത്തകയായ കോളജ് വിദ്യാർഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഒൻപത് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഡിവൈഎഫ്ഐ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ശാസ്താംകോട്ടയിൽ പടിഞ്ഞാറേ കല്ലട കോയിക്കൽ സ്വദേശിയും ഡിവൈഎഫ്ഐ പ്രാദേശിക നേതാവുമായ വിശാഖാണ് അറസ്റ്റിലായത്. ബലാൽസംഗം, പട്ടികജാതി പീഡനം, വഞ്ചന എന്നീ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
2022 ഒക്ടോബറിൽ എസ്എഫ്ഐ മാതൃകം പരിപാടിക്കിടെയാണ് ഇരുവരും പരിചയത്തിലായത്. പിന്നീട് നവമാധ്യമങ്ങളിലൂടെ ബന്ധം തുടർന്നതോടെ പ്രണയത്തിലായി. ബന്ധം മുതലെടുത്ത് ഇയാൾ പെൺകുട്ടിയിൽ നിന്നും പലപ്പോഴായി പണം വാങ്ങിയെടുക്കുകയായിരുന്നു.
പ്രതിയുടെ ഇരുചക്ര വാഹനത്തിന്റെ സിസി ഉൾപ്പടെ പെൺകുട്ടിയാണ് അടച്ചിരുന്നത്. മാതാവിന്റെ ഗൂഗിൾ പേ അക്കൗണ്ട് വഴിയായാണ് പെൺകുട്ടി പണം നൽകിയിരുന്നത്. ഇതു കൂടാതെ നേരിട്ട് മൂന്ന് ലക്ഷം രൂപ ഇയാൾക്ക് നൽകിയെന്നും പെൺകുട്ടിയുടെ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ ഇയാൾ മറ്റൊരു പെൺകുട്ടിയുമായി അടുപ്പത്തിലായി. ഇതോടെയാണ് എസ്എഫ്ഐ പ്രവർത്തക കുടുംബം മുഖേന ശനിയാഴ്ച പോലീസിൽ പരാതി നൽകിയത്.
സ്ഥിരം മദ്യപാനിയായ വിശാഖിനെതിരെ ശാസ്താംകോട്ട പോലീസിൽ വേറെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സമാനമായ മറ്റൊരു പരാതിയും വിശാഖിനെതിരെയുണ്ടായിരുന്നെങ്കിലും ആ കേസ് ഒത്തുതീർപ്പായിരുന്നു.