ബാലരാമപുരം: കുട്ടികളോട് അശ്ലീല സംസാരിക്കുകയും ക്ലാസില്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും ചെയ്തെന്ന പരാതിയില്‍ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ താല്‍ക്കാലിക അധ്യാപകനു സസ്പെന്ഷന്. കല്ലിയൂര്‍ ഊക്കോട് സ്വദേശിയെയാണു ബാലരാമപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹെഡ്മിസ്ട്രസ് സസ്പെന്‍ഡ് ചെയ്തത്. സ്കൂളില്‍ സംഭവം തിരക്കാനെത്തിയ നാട്ടുകാര്‍ അധ്യാപകനെ ‘കൈകാര്യം’ ചെയ്തതായും പറയുന്നു. സംഭവമറിഞ്ഞു ബാലരാമപുരം പൊലീസെത്തി കുട്ടികളുടെ മൊഴിയെടുത്തു.
രക്ഷിതാക്കള്‍ക്കു കേസുമായി മുന്നോട്ടു പോകാന്‍ താല്പര്യം ഇല്ലെന്നറിയിച്ചതിനാല്‍ കേസെടുത്തിട്ടില്ലെന്നു ബാലരാമപുരം പൊലീസ് ഇന്‍സ്പെക്ടര്‍ എസ്.എം.പ്രദീപ് കുമാര്‍ പറഞ്ഞു. വിദ്യാര്‍ഥിനികളുടെയും രക്ഷിതാക്കളുടെയും പരാതിയിലാണു സസ്പെന്ഷന്. അധ്യാപകന്റെ നടപടികളെപ്പറ്റി മുന്‍പും വിദ്യാര്‍ഥിനികള്‍ സ്കൂള്‍ അധികൃതര്‍ക്കു പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതിയില്‍ നടപടിയുണ്ടായില്ല.
വീണ്ടും സംഭവം ആവര്‍ത്തിച്ചതോടെയാണു കുട്ടികള്‍ വീട്ടില്‍ വിവരം അറിയിച്ചത്. ഇന്നലെ ചില കുട്ടികള്‍ ടിസി ആവശ്യപ്പെട്ടു സ്കൂള്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കിയതോടെയാണു വാര്‍ത്ത പുറത്തറിഞ്ഞത്. ഇതിനിടെ സിപിഎം നേതാക്കളും ഒരു വിഭാഗം അധ്യാപകരും അധ്യാപകനെ സംരക്ഷിക്കാനെത്തിയതും വിവാദമായി. പരാതി നല്കിയ വിദ്യാര്‍ഥിനികള്‍ക്കു കൗണ്‍സലിംഗ് നല്കി. പാര്‍ട്ടിയിലെ പല പ്രമുഖരും അടുത്തിടെ ലൈംഗികാരോപണത്തില്‍ കുടുങ്ങിയത് സിപിഎമ്മിനെ കടുത്ത തലവേദനയാണ് സൃഷ്ടിച്ചത്.