തിരുവനന്തപുരം: പൗരത്വം ബില്ലിലും ഡൽഹിയിൽ പ്രതിഷേധിച്ച ഇടത് നേതാക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തതിലും പ്രതിഷേധിച്ച് രാജ്ഭവനിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിഷേധക്കാർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പോലീസ് ബാരിക്കേഡ് മറികടന്ന് രാജ്ഭവൻ വളപ്പിൽ കടക്കാൻ ശ്രമിച്ചു.
രാജ്ഭവന് മുന്നിൽ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് മാർച്ച് തടഞ്ഞതിന് പിന്നാലെയാണ് സംഘർഷം തുടങ്ങിയത്. ബാരിക്കേഡ് തള്ളിമാറ്റാൻ പ്രതിഷേധക്കാർ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി ഉപയോഗിക്കുകയായിരുന്നു. ഇതിനിടെ പോലീസിന് നേരെ കല്ലേറുണ്ടായി. സംസ്ഥാന സെക്രട്ടറി എ.എ.റഹീമിന്റെ നേതൃത്വത്തിലായിരുന്നു മാർച്ച്. നേതാക്കൾ ഇടപെട്ടാണ് കനത്ത പ്രതിഷേധം ഉയർത്തിയ പ്രവർത്തകരെ ശാന്തരാക്കിയത്.
മാർച്ചിൽ സംഘർഷമുണ്ടാകുമെന്ന മുന്നറിയിപ്പ് ലഭിച്ചതിനാൽ കനത്ത സുരക്ഷയാണ് പോലീസ് രാജ്ഭവന് മുന്നിൽ ഒരുക്കിയിരുന്നത്. ഈ രീതിയിലാണ് പ്രതിഷേധങ്ങളെ കേന്ദ്ര സർക്കാർ സമീപിക്കുന്നതെങ്കിൽ ഗവർണറെ വരും ദിവസങ്ങളിൽ വഴിയിൽ തടയുമെന്ന് എ.എ.റഹീം പറഞ്ഞു. ഇതുവരെ ജനാധിപത്യപരമായാണ് പ്രതിഷേധിച്ചത്. എന്നാൽ കൂടുതൽ ശക്തമായ പ്രതിഷേധങ്ങളിലേക്ക് പോകാൻ ഡിവൈഎഫ്ഐക്ക് മടിയില്ലെന്നും റഹീം വ്യക്തമാക്കി.