ബാലരാമപുരം: പോലിസിൽ പരാതി നൽകാനെത്തിയ ആളെ പോലീസ് സ്റ്റേഷനകത്തു കയറി ഡിവൈഎഫ്ഐ നേതാവ് മർദിച്ചു. എസ്ഡിപിഐ കോവളം നിയോജക മണ്ഡലം മുൻ പ്രസിഡന്റ് ഷാജി മോനാണ് മർദനമേറ്റത്. സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ-
ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ ബാലരാമപുരം അഞ്ചുവന്നത്തെരുവ് സ്വദേശിയും ഷാജിമോനും തമ്മിൽ പോലീസ് സ്റ്റേഷനു മുന്നിൽ സംഘർഷമുണ്ടായിരുന്നു. ഇതേത്തുടർന്ന് പരാതി നൽകാനെത്തിയതായിരുന്ന ഷാജിമോൻ.
പോലീസ് സ്റ്റേഷനകത്തിരുന്ന് പരാതി എഴുതിക്കൊണ്ടിരിക്കെ ഡിവൈഎഫ്ഐ നേമം ഏരിയ കമ്മിറ്റി സെക്രട്ടറി സാദിഖ് അലി, സുഹൃത്ത് സക്കീർ എന്നിവർ പോലീസ് സ്റ്റേഷനകത്തു കയറി ഷാജിമോനെ പോലീസിന്റെ മുന്നിലിട്ട് മർദിക്കുകയായിരുന്നു.
പോലീസ് വാതിലിന്റെ ഗ്രിൽ അടച്ച് ഇവരെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇവർ ഓടി രക്ഷപെട്ടു. സംഭവത്തെ തുടർന്ന് സാദിഖ് അലി, സക്കീർ എന്നിവരുടെ പേരിലും സ്റ്റേഷനു മുന്നിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനുമായുണ്ടായ തർക്കത്തിന്റെ പേരിൽ ഷാജിമോനെതിരെയും പോലീസ് കേസെടുത്തു.