സ്വന്തം ലേഖകൻ
കൊച്ചി: അടിമുടി മാറ്റത്തിനു തീരുമാനമെടുത്തു ഡിവൈഎഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിനു സമാപനം. യുവജനങ്ങളുടെ അഭിരുചി, കാലഘട്ടത്തിന്റെ ആവശ്യങ്ങൾ തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്തു സംഘടനയുടെ പ്രവർത്തനശൈലിയിൽ മാറ്റം വരുത്താൻ പ്രതിനിധി സമ്മേളനത്തിൽ തീരുമാനമെടുത്തതായി അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട അഭോയ് മുഖർജി പറഞ്ഞു.
സംഘടന മാറ്റത്തിന്റെ പാതയിലാണെന്നു പ്രതിനിധിസമ്മേളനത്തിനും ഭാരവാഹികളുടെ തെരഞ്ഞെടുപ്പിനും ശേഷം മാധ്യമങ്ങളെ കണ്ട അഭോയ് മുഖർജി വ്യക്തമാക്കി. കാലഘട്ടത്തിന്റെ മാറ്റവും പുതുതലമുറയെ അഭിസംബോധന ചെയ്യാനുളള പുതുവഴികളും സമ്മേളനത്തിൽ ചർച്ചചെയ്തു. പ്രവർത്തനശൈലിയിൽ സമൂലമായ മാറ്റം വേണമെന്നാണു തീരുമാനം.
സ്ത്രീ പ്രാതിനിധ്യം, ഭിന്നലിംഗക്കാരുടെ പ്രശ്നങ്ങൾ തുടങ്ങി വിവിധമേഖലകളിൽ സംഘടനയുടെ പ്രവർത്തനം സംബന്ധിച്ചു നിർണായക തീരുമാനങ്ങളായിട്ടുണ്ട്. സംഘടനയുടെ എല്ലാ കമ്മറ്റികളിലും കുറഞ്ഞത് 20 ശതമാനം സ്ത്രീ പ്രതിനിധികളെ ഉൾപ്പെടുത്തുക, കമ്മിറ്റി ഭാരവാഹികളിൽ രണ്ടു പേർ പെണ്കുട്ടികളാവുക തുടങ്ങിയ മാറ്റങ്ങൾ ഉൾപ്പെടുത്തിയ ഭേദഗതി സംഘടനയിൽ സ്ത്രീ പ്രാതിനിധ്യം ഉറപ്പിക്കാൻ സഹായകമാകുമെന്ന് ജോയിന്റ് സെക്രട്ടറി പ്രീതി ശേഖർ പറഞ്ഞു. ഭിന്നലിംഗക്കാർക്കും സംഘടനയിൽ കൃത്യമായി പ്രാതിനിധ്യം നൽകുക എന്ന ഭേദഗതിയാണ് രണ്ടാമത്തേത്.
ഇന്നത്തെ തലമുറയിൽ നവമാധ്യമങ്ങൾക്കുള്ള സ്വാധീനം തള്ളിക്കളയാനാവില്ലെന്നു പുതിയ അഖിലേന്ത്യാ അധ്യക്ഷൻ പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഭരണഘടനാ ഭേദഗതി കൂടാതെ ജീവകാരുണ്യ പരിസ്ഥിതി പ്രവർത്തനങ്ങളിലേക്കു സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കണമെന്നതടക്കമുള്ള കാര്യങ്ങൾ ഉൾക്കൊള്ളുന്ന സംഘടനാ പ്രമേയവും സമ്മേളനം അംഗീകരിച്ചു.