കേളകം: ഗ്രാമപഞ്ചായത്തംഗത്തെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവിനെ പ്രവർത്തകർ പോലീസ് സ്റ്റേഷനിലെത്തി ബലമായി മോചിപ്പിച്ചു. ഡിവൈഎഫ്ഐ നേതാവ് ജോയൽ ജോബിനെയാണ് നേതാക്കളടക്കമുള്ള പ്രവർത്തകർ കേളകം സ്റ്റേഷനിലെത്തി മോചിപ്പിച്ചത്.
അന്പായത്തോട് ക്ഷീരസംഘം തെരഞ്ഞെടുപ്പുദിവസം കൊട്ടിയൂർ ഗ്രാമപഞ്ചായത്തംഗം രാമൻ ഇടമനയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതിയാണ് ജോയൽ ജോബ്. ദുരിതാശ്വാസ ക്യാന്പിലേക്ക് ഭക്ഷണം വാങ്ങാൻ പോയ രാമൻ ഇടമനയെ ജോയൽ ജോബ് അടക്കമുള്ള സിപിഎം പ്രവർത്തകർ ആക്രമിക്കുകയായിരുന്നു.
കൈയ്ക്ക് ഗുരുതര പരിക്കേറ്റ ഇദ്ദേഹം തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നുപുലർച്ചെ അഞ്ചോടെ ചുങ്കക്കുന്നിലുള്ള വീടു വളഞ്ഞാണ് ജോയലിനെ കേളകം പോലീസ് പിടികൂടിയത്.
തുടർന്ന് സ്റ്റേഷനിലെത്തിച്ച പ്രതിയെ ഡിവൈഎഫ്്ഐ നേതാക്കളടക്കമുള്ളവരെത്തി ബലമായി മോചിപ്പിക്കുകയായിരുന്നു. സംഭവത്തിൽ 10 പേർക്കെതിരേ കേസെടുത്തതായി പോലീസ് പറഞ്ഞു.