കോഴിക്കോട് : വര്‍ഗീയതയ്ക്കും കേന്ദ്രസര്‍ക്കാറിന്റെ യുവജന വഞ്ചനയ്ക്കുമെതിരേ ശക്തമായ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തുകൊണ്ട് ഡിവൈഎഫ്ഐ 14 ാം സംസ്ഥാന സമ്മേളനത്തിന് ഇന്ന് സമാപനം. പ്രവര്‍ത്തന കാലയളവിലുണ്ടായ പോരായ്മകളെ കുറിച്ച് ചര്‍ച്ചചെയ്തും വേണ്ട മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടും സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്താനും വിപുലീകരിക്കാനുമുള്ള തീരുമാനങ്ങളുമായാണ് മൂന്നു ദിനരാത്രങ്ങളിലായി കോഴിക്കോട് ടാഗോര്‍സെന്റിനറി ഹാളില്‍ നടക്കുന്ന സമ്മേളനം ഇന്ന് അവസാനിക്കുന്നത്.
സംഘടനയ്ക്ക് ഊര്‍ജ്ജവും കരുത്തുംപകരാനുള്ള അമരക്കാരേയും ഇന്ന് തെരഞ്ഞെടുക്കും. സമ്മേളന നടപടികള്‍ക്ക് ശേഷം നാടിന്റെ ചരിത്രം മാറ്റിയെഴുതിയ യുവജന പോരാളികള്‍ ഇന്ന് കോഴിക്കോടിന്റെ മണ്ണില്‍ ചെങ്കടല്‍ തീര്‍ക്കും.
സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഒരു ലക്ഷം പ്രവര്‍ത്തകര്‍ അണിനിരക്കുന്ന റാലിയാണ് സംഘടിപ്പിക്കുന്നത്.
മതനിരപേക്ഷത സംരക്ഷിക്കാനും വര്‍ഗീയതയെ ചെറുത്തുതോല്‍പ്പിക്കാനും രണോത്സുകമായ നിരവധി യുവജന പോരാട്ടങ്ങള്‍ നടന്ന കോഴിക്കോട് കടപ്പുറത്ത് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന് റാലി ഉദ്ഘാടനം ചെയ്യും. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ്, ജനറല്‍ സെക്രട്ടറി അഭോയ് മുഖര്‍ജി, സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരംകരീം എംപി, മന്ത്രി ടി.പി.രാമകൃഷ്ണന് എന്നിവര്‍ പ്രസംഗിക്കും. മൂന്നു
ദിവസങ്ങളിലായി നടന്ന സമ്മേളനത്തില്‍ 619 പേരാണ് പങ്കെടുക്കുന്നത്. ഓരോ ജില്ലകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 508 പ്രതിനിധികളും 22 സൗഹാര്‍ദ്ധ പ്രതിനിധികളും നാല് നിരീക്ഷകരും 85 സംസ്ഥാന കമ്മിറ്റി അംഗങ്ങളുമുള്‍പ്പെടെ 619 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ആറേമുക്കാല്‍ മണിക്കൂര്‍ പൊതുചര്‍ച്ചകള്‍ക്ക് ശേഷമാണ് സംഘടനയുടെ പുതിയ ഭാരവാഹികളെ ഇന്ന് തെരഞ്ഞെടുക്കുന്നത്.