വടകര: ഡിവൈഎഫ്ഐ നടക്കുതാഴ മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന വോളിബോൾ ടൂർണമെന്റിന്റെ ടിക്കറ്റ് വിൽപന ഉദ്ഘാടനം ചെയ്ത ലീഗ് വടകര ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് പ്രൊഫ.കെ.കെ.മഹമൂദ് വിവാദ കുരുക്കിലായി. പ്രസിഡന്റിന്റെ നടപടിയെ ചോദ്യം ചെയ്ത് ലീഗ് നേതാക്കൾ രംഗത്തെത്തി. ഇദ്ദേഹത്തിനെതിരെ നിശിത വിമർശനങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പരക്കുകയാണ്.
കാലങ്ങളായി ശക്തമായ പോരു നിലനിൽക്കുന്ന വടകര ലീഗിൽ എതിർപക്ഷത്തിന് അടിക്കാനുള്ള വടിയായി ഈ സംഭവം.ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു വേണ്ടി ഏപ്രിൽ ഒന്നു മുതൽ ഏഴു വരെ നാരായണനഗറിൽ സംഘടിപ്പിക്കുന്ന വോളിബോൾ ടൂർണമെന്റിന്റെ ടിക്കറ്റ് വിൽപനയാണ് ലീഗ് നേതാവ് മഹമൂദ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത്. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് ലീഗ് മണ്ഡലം ജോയിന്റ് സെക്രട്ടറി യു.നാസർ അഭിപ്രായപ്പെട്ടു. മഹമൂദിന്റെ നടപടി രാഷ്ട്രീയ അധഃപതനമാണെന്നു നാസർ കുറ്റപ്പെടുത്തി.
ടൗണ്‍ ലീഗ് പ്രസിഡന്റിന്റെ സ്ഥാനത്ത് നിന്ന് കെ.കെ.മഹമൂദിനെ മാറ്റി നിർത്തണമെന്ന ആവശ്യം പാർട്ടിയിൽ ഉയർന്നുകഴിഞ്ഞു. യൂത്ത് ലീഗിന്റെയും എംഎസ്എഫിന്റെയും പ്രവർത്തകരിലും ഇതേ ആവശ്യം ഉയരുകയാണ്. ഇക്കാര്യം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. ഓർക്കാട്ടേരിയിലെ ഫ്ളക്സ് ബോർഡ് വിഷയത്തിൽ മണ്ഡലം സെക്രട്ടറി ഒ.കെ.കുഞ്ഞബ്ദുള്ളയെ നീക്കിയത് പോലെ ടൗണ്‍ പ്രസിഡന്റിനെയും മാറ്റണമെന്നാണ് ഇവരുടെ ആവശ്യം.
ഡിവൈഎഫ്ഐ നടത്തുന്ന വോളിബോൾ ടൂർണമെന്റിന്റെ ടിക്കറ്റ് വിൽപന ഉദ്ഘാടനം ചെയ്തത് അംഗീകരിക്കാനാവില്ലെന്നും ഇക്കാര്യത്തിൽ തൃപ്തികരമായ മറുപടിയില്ലെങ്കിൽ രാജി വേണ്ടിവരുമെന്നും ആവശ്യം ഉയർന്നു.
അതേസമയം ടിക്കറ്റ് വിൽപന ഉദ്ഘാടനം ചെയ്തതിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് കെ.കെ.മഹമൂദ് വ്യക്തമാക്കി. എതിർപ്പ് ഗൗരവത്തിലെടുക്കുന്നില്ലെന്നും ഇതിനു പിന്നിൽ സ്ഥിരം ശത്രുക്കളാണെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്ഐയുടെയോ പാർട്ടിയുടെയോ ഫണ്ടല്ല കായിക വിനോദ ഫണ്ട് ഉദ്ഘാടനം ചെയ്യുക മാത്രമാണ് ചെയ്തതെന്നും മഹമൂദ് വ്യക്തമാക്കി.