കായംകുളം: വള്ളികുന്നം മേഖല ഒരിടവേളയ്ക്കു ശേഷം വീണ്ടും സംഘർഷ ഭൂമിയായി. കഴിഞ്ഞ ദിവസം ആർഎസ്എസ്-ഡിവൈഎഫ്ഐ സംഘർഷത്തിൽ മൂന്നു പേർക്ക് പരിക്കേറ്റിരുന്നു. രണ്ട് വീടുകൾക്കു നേരേ ആക്രമണം നടക്കുകയും ചെയ്തു.
എസ്എഫ് ഐ ചാരുംമൂട് ഏരിയ കമ്മിറ്റിയംഗം വള്ളികുന്നം കടുവിനാൽ രാഹുൽ നിവാസിൽ രാകേഷ് കൃഷ്ണൻ (22), ഇലിപ്പക്കുളം കണ്ടളശേരിൽ ബൈജു (23), കടുവിനാൽ കളത്തിൽവീട്ടിൽ വിഷ്ണു (23) എന്നിവർക്കാണ് പരിക്കേറ്റത്.
ഗുരതരമായി വെട്ടേറ്റ രാകേഷിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ബൈജുവിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സംഭവത്തിനു പിന്നാലെ ആർഎസ്എസ് പ്രവർത്തകൻ വള്ളികുന്നം ആകാശ് ഭവനത്തിൽ ആകാശ് (സുമിത്ത് ), ഹിന്ദു ഐക്യവേദി പ്രവർത്തകൻ വള്ളികുന്നം എംആർ മുക്ക് കുഴിവേലിൽ പറമ്പിൽ ഷാജി എന്നിവരുടെ വീടുകൾക്കു നേരേ ആക്രമണമുണ്ടായി. കഴിഞ്ഞ ദിവസം രാത്രി 11.30നാണ് സംഭവം.
സുമിത്തിന്റെ വീട്ടിൽ ആക്രമണ സമയം ആരും ഉണ്ടായിരുന്നില്ല. വീട്ടുപകരണങ്ങളും ജനാലകളും പൂർണമായി തകർത്തു. ഷാജിയുടെ വീടിന്റെ ജനാലകളും തകർത്തു.
വീട് ആക്രമണത്തിനു മണിക്കൂറുകൾക്ക് മുമ്പാണ് വള്ളികുന്നം പള്ളിവിള ജംഗ്ഷനു സമീപം ഡിവൈഎഫ് ഐ-എസ്എഫ്ഐ പ്രവർത്തകർക്കു നേരേ ആക്രമണം ഉണ്ടായത്. ഇതിനു പിന്നാലെയാണ് വീടുകൾക്കു നേരെ ആക്രമണം ഉണ്ടായത്.
എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ നാലു പേർക്കെതിരെയും. വീടുകൾക്കു നേരേ നടന്ന അക്രമത്തിൽ കണ്ടാലറിയാവുന്ന 20 പേർക്കെതിരെയും വള്ളികുന്നം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വള്ളികുന്നത്ത് പോലീസ് പട്രോളിംഗ് ഊർജിതമാക്കി.