തൊടുപുഴ: ഒറ്റ രാത്രി കൊണ്ട് ഏഴു നിലകളുള്ള പുതിയ ആശുപത്രി മന്ദിരം കോവിഡ് 19 ആശുപത്രിക്കായുള്ള സൗകര്യമൊരുക്കി ഡി വൈെ ഫ്ഐ പ്രവർത്തകർ.
നിർമാണം പൂർത്തിയായെങ്കിലും ഇനിയും തുറന്നു കൊടു ക്കാത്ത തൊടുപുഴ ജില്ലാ ആശുപത്രിയോടനുബന്ധിച്ചുള്ള ബഹു നില മന്ദിരമാണ് ഒറ്റ രാത്രികൊണ്ട് കഴുകി വൃത്തിയാക്കി കട്ടിലുകൾ പിടിച്ചിട്ട് ജില്ലയിലെ കോവിഡ്19 ആശുപത്രി പ്രവർത്തിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയത്.
എല്ലാ ജില്ലകളിലും കോവിഡ്19 കേസുകൾ മാത്രം കൈകാര്യം ചെയ്യുന്നതിനായി പ്രത്യേകമായി ഒരു കോവിഡ് ആശുപത്രി രൂപികരിക്കും എന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇതിന്റെ ഭാഗമായാണ് തൊടുപുഴ ജില്ലാ ആശുപത്രിയോട് ചേർന്ന് നാഷണൽ റൂറൽ ഹെൽത്ത് മിഷന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കിയ മദർ ആന്റ് ചൈൽഡ് ആശുപത്രി മന്ദിരം ഇതിനായി സജ്ജമാക്കിയത്.
കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായിരുന്നെങ്കിലും വൈദ്യുതിയും കുടിവെള്ളവും ലഭ്യമല്ലാത്തതിനാൽ ഇവിടെ പ്രവർത്തനം ആരംഭിച്ചിരുന്നില്ല. അടിയന്തര സാഹചര്യത്തിന്റെ ഭാഗമായാണ് ഇവിടെ കോവിഡ് ആശുപത്രി സജ്ജമാക്കിയത്.
ഇവിടെ എത്തുന്നവർക്ക് കൈകഴുകുന്നതിനും ശുചിത്വത്തിനുമുള്ള സൗകര്യം ഒരുക്കുന്നതിനായി എത്തിയ ഡി വൈെ ഫ്ഐ പ്രവർത്തകരോട് ആശുപത്രി അധികൃതർ മന്ദിരം ശുചിയാക്കേണ്ട കാര്യം ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.
ഇതേ തുടർന്ന് തൊടുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ലീനിംഗിന്റെ ചുമതല ഏറ്റെടുക്കുകയായിരുന്നു. 11 വില്ലേജ് കമ്മിറ്റികളിൽ നിന്നായി 120 പ്രവർത്തകർ പത്തു പേർ വീതമുള്ള സംഘമായി തിരിഞ്ഞ്് ഓരോ നിലകൾ വൃത്തിയാക്കുന്നതിനും ജോലിക്കായുള്ള സാധനങ്ങൾ എത്തിക്കുന്നതിനായും ചുമതലപ്പെടുത്തി.
വൈകുന്നേരം ഏഴിന് ആരംഭിച്ച ജോലികൾ പുലർച്ചെ മൂന്നിന് പൂർത്തിയാക്കി. ഏഴു നിലകളും കഴുകി വൃത്തിയാക്കിയ ശേഷം മൂന്നു നിലകളിലായി രോഗികളെ പാർപ്പിക്കുന്നതിനായി 30 കട്ടിലുകളും സജ്ജമാക്കി. ഇനിയും ആവശ്യം വരുന്ന മുറയക്ക് ബാക്കി മുറികളിലും കട്ടിലുകളും മറ്റു സൗകര്യങ്ങളുമൊരുക്കും.
വൈദ്യുതി ഇല്ലാതിരുന്ന ഇവിടെ കളക്ടറുടെ ഇടപെടൽ മൂലമാണ് തിങ്കളാഴ്ച ഉച്ചയോടെ വൈദ്യുതി എത്തിയത്. തൊഴിലാളികളെ ഏൽപ്പിച്ചാൽ ഒരാഴ്ചയിലധികം കാലതാമസം വേണ്ടി വരുന്ന ജോലികളാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ഒരു രാത്രി കൊണ്ട് പൂർത്തിയാക്കിയതെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സുജ ജോസഫ് പറഞ്ഞു.
ശുചികരണ പ്രവർത്തനങ്ങൾക്ക് ബ്ലോക്ക് സെക്രട്ടറി അജയ് ചെറിയാൻ തോമസ്, പ്രസിഡന്റ് ടി.എസ് ഷിയാസ്, ട്രഷറർ പവിരാജ് എന്നിവർ നേതൃത്വം നൽകി.