തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ റോഡിലേക്ക് തള്ളിയിട്ട് വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഡിവൈഎസ്പിയെ ഇനിയും അറസ്റ്റ് ചെയ്യാതെ പോലീസ് ഒത്തുകളിയ്ക്കുന്നതായി ആക്ഷേപം. നെയ്യാറ്റിൻകര സ്വദേശി സനൽകുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും നെയ്യാറ്റിൻകര ഡിവൈഎസ്പിയുമായ ഹരികുമാറിനെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒത്തുകളിയ്ക്കുന്നുവെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
ഹരികുമാറിനെ ഭരണകക്ഷിയിലെയും പോലീസിലെയും ഉന്നതരാണ് സംരക്ഷിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് ഹരികുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു. സനൽകുമാറിന്റെ കൊലപാതക കേസ് അന്വേഷിക്കാൻ നെടുമങ്ങാട് എഎസ്പി സുജിത്ത് ദാസിനെ നിയോഗിച്ചിരുന്നു.
സിപിഎമ്മിലെ ഒരു ഉന്നത നേതാവിനെ ഹരികുമാർ രഹസ്യമായി കണ്ടിരുന്നുവെന്നും ഒളിവിൽ കഴിയാൻ പാർട്ടിയിലെ ഉന്നതരും പോലീസും ഒത്താശ ചെയ്യുന്നുവെന്നാണ് പരക്കെ ഉയരുന്ന ആക്ഷേപം. ഹരികുമാറിന് കോടതിയിൽ നിന്നും മുൻകൂർ ജാമ്യം ലഭിക്കുന്നതിന് വേണ്ടിയാണ് പോലീസ് അന്വേഷണത്തിൽ അനാസ്ഥ കാട്ടുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നത്. കൊലക്കുറ്റത്തിനാണ് ഹരികുമാറിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
സുഹൃത്തിന്റെ വീട്ടിൽ നിന്നും പുറത്ത് വന്നപ്പോൾ റോഡിൽ പാർക്ക് ചെയ്തിരുന്ന ഡിവൈഎസ്പിയുടെ സ്വകാര്യ വാഹനത്തിന്റെ മുന്നിൽ സനലിന്റെ വാഹനം പാർക്ക് ചെയ്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സനലിന്റെ മരണത്തിൽ കലാശിച്ചത്.
റോഡിലേക്ക് സനലിനെ ഡിവൈഎസ്പി ഹരികുമാർ പിടിച്ച് തള്ളിയതോടെ അതുവഴി വരികയായിരുന്ന വാഹനം സനൽകുമാറിന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയിരുന്നു. യുവാവിനെ ആശുപത്രിയിൽ കൊണ്ട് പോകാതെ പിന്നീട് ഡിവൈഎസ്പി ഹരികുമാർ മറ്റൊരു വാഹനത്തിൽ കയറി രക്ഷപ്പെടുകയായിരുന്നു.