നവാസ് മേത്തര്‍
തലശേരി: സംസ്ഥാനത്തെ 100 ഡിവൈഎസ്പിമാരെ സ്ഥലം മാറ്റിക്കൊണ്ടുള്ള ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന് എഡിജിപി ടോമിന് ജെ.തച്ചങ്കരി. എന്നാല്‍ ആ ഉത്തരവ് താന്‍ വരുന്നതിന് മുമ്പുള്ളതാണെന്നും താന്‍ വന്നതിനു ശേഷം ഇറങ്ങിയ ഉത്തരവുകള്‍ നടപ്പിലായിട്ടുണ്ടെന്നും സംസ്ഥാന പോലീസ് ചീഫ് ടി.പി. സെന്‍കുമാർ രാഷ്ട്രദീപികയോട് പറഞ്ഞു. സംസ്ഥാന പോലീസ് ആസ്ഥാനത്തെ അഡ്മിനിസ്ട്രേഷന്റെ ചുമതയുള്ള എഡിജിപിയാണ് ടോമിന് ജെ.തച്ചങ്കിരി.
സ്ഥലം മാറ്റപ്പെട്ട ഡിവൈഎസ്പിമാര്‍ സ്ഥാനമൊഴിയാത്തതു സംബന്ധിച്ച് രാഷ്ട്രദീപികയിൽ വന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു ഇരുവരും. സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയ ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥാനമൊഴിയണമെന്നും ചുമതല ഏറ്റെടുക്കണമെന്നും നിര്‍ദ്ദേശിച്ചു കൊണ്ട് രണ്ട് തവണ മെസേജ് നല്‍കിയിരുന്നു. സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കാന്‍ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.എന്നാല്‍ ഡിവൈഎസ്പിമാര്‍ ചുമതലയേല്ക്കാത്തതു സംബന്ധിച്ച കൂടുതല്‍ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി തയാറായില്ല.
സ്ഥലം മാറ്റിയ ഡിവൈഎസ്പിമാര്‍ സ്ഥലം മാറ്റ ഉത്തരവിറങ്ങി മൂന്നാഴ്ച പിന്നിടുമ്പോഴും സ്ഥാനമൊഴിയാത്തത് പോലീസ് സേനയില്‍ വ്യാപകമായ ചര്‍ച്ചക്കിടയാക്കിയിട്ടുണ്ട്. പോലീസ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടെ പക്ഷം പിടിച്ച് സംസ്ഥാന തലത്തില്‍ തന്നെ പോലീസില്‍ ഒരു വിഭാഗം ചേരി തിരിഞ്ഞ് പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ഡിജിപി സെന്‍കുമാര്‍ ചുമതലയേല്‍ക്കുന്നതിന് മുന്നോടിയായിട്ടാണ് കഴിഞ്ഞ നാലിന് സംസ്ഥാനത്തെ നൂറു ഡിവൈഎസ്പിമാരെ സ്ഥലം മാറ്റിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടത്. എന്നാല്‍ ഉത്തരവിറങ്ങി മൂന്നാഴ്ച പിന്നിട്ടിട്ടും പത്ത് ശതമാനം പേര് പോലും സ്ഥാനമൊഴിയാനോ പുതിയ ചുമതലയേല്‍ക്കാനോ തയാറായിട്ടില്ല. സാധാരണ ആഭ്യന്തര വകുപ്പിലെ ഉത്തരവുകള്‍ ഇറങ്ങിയാല്‍ പെട്ടെന്ന് തന്നെ നടപ്പിലാകുകയാണ് പതിവ്. എന്നാല്‍ ഇപ്പോഴുള്ളത് അസാധാരണ സാഹചര്യമാണെന്നാണ് പോലീസിലെ ഉന്നതര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇഷ്ടപ്പെട്ട സ്ഥലങ്ങളിൽ നിയമനം നേടാനായിട്ട് സ്ഥലം മാറ്റപ്പെട്ട ഉദ്യോഗസ്ഥരില്‍ പലരും രാഷ്ട്രീയ മേലാളന്മാരെ കണ്ടു വരികയാണെന്നാണ് പോലീസിലെ അണിയറ സംസാരം. പോലീസിന്റെ സ്ഥലം മാറ്റത്തില്‍ ഒരു തരത്തിലുള്ള രാഷ്ട്രീയ ഇടപെടലും അനുവദിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനം കാറ്റില്‍ പറത്തി കൊണ്ടുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും പറയപ്പെടുന്നു.