കോട്ടയം: ജില്ലയിൽ ഒരു ഡിവൈഎസ്പി ഉൾപ്പെടെ നാലു പോലീസ് ഉദ്യോഗസ്ഥർ ഗുണ്ടകളുമായി ബന്ധം പുലർത്തി വിവാദത്തിലായ സംഭവത്തിൽ ഉദ്യോഗസ്ഥർക്കു തണലാകുന്നത് രാഷ്ട്രീയ നേതൃത്വമെന്ന് ആരോപണം.
ഭരണകക്ഷി ഉന്നതന്റെ തണലിലാണ് ചില ഉന്നത പോലീസ് ഉദ്യോഗസ്ഥർ വിളയാടുന്നതെന്നാണ് ആരോപണം. ഈ രാഷ്ട്രീയ സംരക്ഷണം മൂലം ഇപ്പോൾ ശിപാർശ ചെയ്യപ്പെട്ടിരിക്കുന്ന നടപടികൾ പോലും ഫലവത്താകുമോയെന്ന സംശയമാണ് ഉയർന്നിരിക്കുന്നത്.
കുപ്രസിദ്ധ ഗുണ്ട അരുൺ ഗോപനുമായി ബന്ധമുണ്ടെന്ന ആരോപണത്തെത്തുടർന്ന് വകുപ്പുതല നടപടിക്കു ശിപാർശ ചെയ്യപ്പെട്ട ഡിവൈഎസ്പി ഏറെക്കാലമായി കോട്ടയം ജില്ലയിലെ ചങ്ങനാശേരി, കോട്ടയം സബ് ഡിവിഷനുകളിൽ ഡിവൈഎസ്പിയായി തുടരുകയാണ്.
ഉന്നത രാഷ്ട്രീയ നേതാവാണ് അദ്ദേഹത്തെ സംരക്ഷിച്ചു നിർത്തുന്നതെന്നാണ് ആരോപണം.മാസങ്ങൾക്കു മുന്പു മാടപ്പള്ളിയിൽ നടന്ന സിൽവർ ലൈൻ സമരത്തിനിടയിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് മൃഗീയമായ രീതിയിൽ ആക്രമണം നടത്താൻ നിർദേശം നൽകിയതും വിവാദത്തിലായ ഡിവൈഎസ്പി ആയിരുന്നു.
ഇതിനെതിരേ നാട്ടുകാർ ഉന്നതകേന്ദ്രങ്ങളിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല.
ഉന്നത ഭരണകക്ഷിനേതാവിന്റെ അടുത്ത ആൾ ആയതിനാലാണ് നടപടിയുണ്ടാകാതിരുന്നതെന്നാണ് സംസാരം. ഇതോടെ നാട്ടുകാർ മനുഷ്യാവകാശ കമ്മീഷൻ അടക്കമുള്ളവയെ സമീപിച്ചിരുന്നു. ഇതിന്റെ നടപടികൾ തുടരുകയാണ്.
അന്വേഷണം തുടങ്ങി
ആരോപണ വിധേയരായ സൈബർ സെൽ എസ്എച്ച്ഒ എം.ജെ. അരുണ്, ഡിസിആർബി എഎസ്ഐ അരുണ് കുമാർ, സ്പെഷൽ ബ്രാഞ്ച് എഎസ്ഐ പി.എൻ. മനോജ് എന്നിവർക്കെതിരെ പാലാ എഎസ്പി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്തിനു ശേഷം ഉദ്യോഗസ്ഥർക്കു തിരികെ അതതു ജില്ലകളിലേക്കു സ്ഥലംമാറ്റം നൽകിയപ്പോൾ ആരോപണ വിധേയനായ സിഐക്കു മലബാർ മേഖലയിലേക്കായിരുന്നു പോസ്റ്റിംഗ് ലഭിച്ചത്.
എന്നാൽ, വൈകാതെ കോട്ടയത്തു തിരിച്ചെത്തി. സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്ന രണ്ടു എഎസ്ഐമാരും വർഷങ്ങളോളം എസ്പിയുടെയും ഡിവൈഎസ്പിയുടെയും സ്പെഷൽ സ്ക്വാഡുകളിലുണ്ടായിരുന്നവരാണ്.
ഒരു എഎസ്ഐയെ മാസങ്ങൾക്കു മുന്പ് ചില ഗുണ്ടകളുടെ രഹസ്യ ബന്ധം പുറത്തുവന്നതിന്റെ അടിസ്ഥാനത്തിൽ ജില്ലാ അതിർത്തിയായ സ്റ്റേഷനിലേക്കു ട്രാൻസ്ഫർ ചെയ്തിരുന്നു.
അടുത്ത നാളിലാണ് ഇയാൾ സിപിഎം നേതാക്കളുടെ ഒത്താശയോടെ ജില്ലയിലെ സ്പെഷൽ ബ്രാഞ്ചിൽ എത്തുന്നത്.
അന്വേഷണത്തിന് ഗുണ്ടകൾക്കൊപ്പം യാത്ര
കോട്ടയം: ഏതെങ്കിലും കേസിൽപ്പെട്ട പ്രതിയെ പിടികൂടാൻ പോലീസിന്റെ യാത്ര ഗുണ്ടകൾക്കൊപ്പമാകുന്നതും നിത്യസംഭവമാകുന്നു.
കോട്ടയത്തെ ഒരു പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വഞ്ചന കേസിൽ പ്രതിയെ പിടിക്കാൻ പോലീസ് ഉദ്യോഗസ്ഥർ എറണാകുളത്തിനു പോയതു ഗുണ്ടകളുടെ വാഹനത്തിൽ ഗുണ്ടകളുമായി.
ഭൂരിപക്ഷം ഉദ്യോഗസ്ഥരും സത്യസന്ധരായി സേവനം ചെയ്യുന്പോൾ കുറച്ചു പേർ ഗുണ്ടകളുടെയും ഏതെങ്കിലും കേസിൽ പ്രതിചേർക്കപ്പെട്ടവരുടെയും വാഹനങ്ങൾ ബലമായിത്തന്നെ ഉപയോഗിക്കുന്നുണ്ട്.
യാത്രയും അന്വേഷിക്കണം
കേസന്വേഷണത്തിന്റെ പേരിൽ പോലീസുകാരുടെ യാത്രയും താമസവും മാത്രം അന്വേഷിച്ചാൽ വൻ മാഫിയാബന്ധം കണ്ടുപിടിക്കാൻ സാധിക്കും. പലരും ഭയന്നിട്ടാണ് വാഹനവും റിസോർട്ടുകളും വിട്ടുകൊടുക്കുന്നത്.
ഗുണ്ടകളുടെ സേവനം തേടുന്ന പോലീസുകാർ ഇവരെ വീണ്ടും കള്ളക്കേസിൽ കുടുക്കുന്നതും പതിവാണ്. രാഷ്ട്രീയ ബന്ധമുള്ള പോലീസുകാർക്ക് എന്തും ചെയ്യാമെന്ന അവസ്ഥയാണ്.
തൊടുപുഴ സിഐയായിരുന്ന ശ്രീമോനെതിരെ ആഭ്യന്തര വകുപ്പിന്റെ നടപടിയുണ്ടായതു കോടതി ഇടപെട്ടതു കൊണ്ടുമാത്രമാണ്.
കോട്ടയം ജില്ലയിൽനിന്നു മലയോര ജില്ലയിലേക്കു മാറിയ ഉന്നത ഉദ്യോഗസ്ഥനെതിരേ റിയൽ എസ്റ്റേറ്റ് മാഫിയബന്ധം ആരോപിക്കപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതും രാഷ്ട്രീയ സ്വാധീനം മൂലമാണ്.
മലയോര ജില്ലയിൽ എത്തിയിട്ടും റിയൽ എസ്റ്റേറ്റ് ബിസിനസിനാണ് ഇയാൾ പ്രാധാന്യം നൽകുന്നത്.