തിരുവനന്തപുരം: ഡി.വൈ.എസ്.പി ഹരികുമാറിനെ മാധ്യമങ്ങൾ വേട്ടയാടി കൊന്നതാണെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ കുടുംബം രംഗത്ത്. ഹരികുമാറിന്റെ ചേട്ടന്റെ മകൾ ഗാഥാ മാധവ് ആണ് ഇന്നലെ രാത്രി ഫേസ് ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്. ഹരികുമാറിനെക്കുറിച്ച് മാധ്യമങ്ങളിലൂടെ വന്ന വാർത്തകൾ നിറം പിടിപ്പിച്ച നുണകളാണെന്ന് ഗാഥ പറയുന്നു. മാസപ്പടിയായി വാങ്ങുന്ന 50 ലക്ഷത്തിന്റെ കണക്ക്, മൂന്നാറിൽ ഉണ്ടെന്നു പറയുന്ന 300 ഏക്കറിന്റെ രേഖകൾ അദ്ദേഹത്തിനെതിരെ ഇന്റലിജൻസ് നൽകിയ റിപ്പോർട്ടുകൾ കൈക്കൂലി വാങ്ങിയതിന്റെ തെളിവുകളെല്ലാം പുറത്തുവിടാനാണ് ഗാഥ വെല്ലുവിളിക്കുന്നത്.
ഗാഥാ മാധവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം-
നിങ്ങൾ കൊന്നതാണ്.കൊലപാതകി എന്ന് വിളിച്ച്, വിചാരണ ചെയ്ത്, നുണ പറഞ്ഞ്.മനപൂർവം അല്ലാത്ത നരഹത്യ യിൽ ഒതുങ്ങേണ്ടത്തിനെ ദൃക്സാകഷികൾ പറയുന്നത് പോലും കേൾക്കാതെ നിങ്ങള് ക്രൂശിച്ചു. സംഭവം കണ്ട് നിന്ന കുട്ടി ഇവിടെ ചങ്ക് പൊട്ടി കരയുന്നുണ്ട്.
എല്ലാ സംഭവത്തിനും രണ്ടു വശമുണ്ടെന്ന്, ഡിവൈഎസ്പി ക്കും പറയാനുണ്ടാകും എന്ന്, അയാളും മനുഷ്യൻ ആണെന്ന്, അയാൾക്കും കുടുംബം ഉണ്ടെന്ന് ഒന്നും നിങ്ങൾ ചിന്തിച്ചില്ല..
ഞാൻ വെല്ലു വിളിക്കുന്നു, മാസം വാങ്ങുന്നു എന്ന് പറഞ്ഞ 50 ലക്ഷം രൂപക്ക്, മൂന്നാറിലെ 300 എക്കറിന്, അയാൾക്കെതിരെ ഉള്ള ഇന്റളിജൻസ് റിപ്പോർട്ടുകൾക്ക്, കൈക്കൂലി വാങ്ങിയതിന് ഒക്കെ വ്യക്തമായ തെളിവുകൾ നിങ്ങൾക്കാർക്കെങ്കിലും ഹാജർ ആക്കാമോ?
മാധ്യമങ്ങളോട്, നിങ്ങള് കൊന്നതാണ്.നിങ്ങള് പറഞ്ഞ കൊടും കുറ്റവാളി, എന്റെ എല്ലാം എല്ലാമായ ചിറ്റപ്പൻ, ആകെയുള്ള ഒരു വീടിന്റെ മുറ്റത്ത്, മകന്റെ കല്ലറക്ക് അടുത്ത് എരിഞ്ഞടങ്ങുന്നുണ്ട്.