നെയ്യാറ്റിന്‍കരയില്‍ യുവാവിനെ കാറിനു മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ ഡിവൈഎസ്പി ഹരികുമാറിന്റെ ആത്മഹത്യയ്ക്കിടയിലും മകന്റെ കുഴിമാടത്തിലെ ജമന്തിപൂവിനെ ചൊല്ലി ആശയക്കുഴപ്പം. മരണ വിവരമറിഞ്ഞ് വീട്ടിലെത്തിയവരുടെയെല്ലാം കണ്ണില്‍ പതിഞ്ഞത് മകന്റെ കുഴിമാടത്തില്‍ വാടാതിരിക്കുന്ന ജമന്തി പൂവ്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് അസുഖബാധിതനായി മരിച്ച മൂത്ത മകന് ഹരിയുടെ കുഴിമാടത്തില്‍ വെച്ചിരിക്കുന്ന പൂവ് ഹരികുമാര്‍ ആത്മഹത്യയ്ക്കു മുന്‍പ് വെച്ചതാണെന്നാണ് സംശയം. ഒന്‍പതു ദിവസമായി പൂട്ടികിടക്കുന്ന വീട്ടില്‍ ഹരികുമാറല്ലാതെ മറ്റാരും എത്തിയിട്ടില്ല.
പൂവ് മറ്റാരെങ്കിലും സമര്‍പ്പിച്ചതാണോ അതോ ചെടിയില്‍ നിന്ന് കൊഴിഞ്ഞുവീണതാണോ എന്നും വ്യക്തമല്ല. അസുഖ ബാധിതനായിട്ടാണ് മൂത്ത മകന് അഖില്‍ ഹരി വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചത്. ഇതിനു ശേഷം നാളുകളോളം ഹരികുമാര്‍ മാനസികമായി പ്രയാസം അനുഭവിച്ചിരുന്നതായും അടുപ്പക്കാര്‍ പറയുന്നു.
ഇളയ മകനായ അതുലിനെ നല്ലതുപോലെ നോക്കണമെന്നായിരുന്നു അവസാനത്തെ കുറിപ്പില്‍ ഹരികുമാര്‍ എഴുതിയിരുന്നത്. ഹരികുമാറിനെ ഇന്നലെ സംസ്കരിച്ചതും ഇതേ വീട്ടുവളപ്പിലാണ്. ഇവിടുത്തുകാര്‍ക്ക് ഹരികുമാറിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായമാണ് ഉള്ളത്.