ചെറായി: യുഡിഎഫ് അധികാരത്തിൽ വന്നാൽ ചെറായി ബീച്ചിലെ പോലീസ് എയ്ഡ്പോസ്റ്റ് കെട്ടിടത്തിൽ താൽക്കാലികമായി തുറന്നിട്ടുള്ള പുതിയ പോലീസ് സബ്ഡിവിഷൻ ഓഫീസായ മുനന്പം ഡിവൈഎസ്പി ഓഫീസ് പറവൂരിലേക്ക് മാറ്റിയേക്കും.
പറവൂർ-വൈപ്പിൻ മേഖലയിലെ ആറു പോലീസ് സ്റ്റേഷനുകൾ ഉൾപ്പെടുന്ന പുതിയ ഡിവിഷൻ ആസ്ഥാനം യഥാർഥത്തിൽ പറവൂർ മേഖലയിലാണ് വേണ്ടതെന്ന പ്രസ്താവനയുമായി കോണ്‍ഗ്രസിന്റെ പറവൂർ എംൽഎയായ വി.ഡി. സതീശൻ രംഗത്തെത്തിയതോടെയാണ് ഈ സാധ്യത തെളിഞ്ഞിരിക്കുന്നത്.
പറവൂരിൽ സ്ഥാപിക്കേണ്ട ഈ ഓഫീസ് രാഷ്ട്രീയപ്രേരിതമായാണ് സബ്ഡിവിഷന്റെ ഒരു മൂലയിൽ കൊണ്ട് വന്ന് സ്ഥാപിച്ചിട്ടുള്ളതെന്നും ഉദ്ഘാടന പരിപാടിയിൽ തന്നെ ഒഴിവാക്കിയതിനു പിന്നിലും രാഷ്ട്രീയക്കളിയുണ്ടെന്നും വി.ഡി. സതീശൻ പരസ്യമായി പ്രസ്താവന ഇറക്കിയിരുന്നു.
സംസ്ഥാനത്ത് പുതുതായി പ്രവർത്തനം തുടങ്ങിയ 25 പോലീസ് സബ്ഡിവിഷനുകളിൽ പെട്ടാതാണ് മുനന്പം. ആഭ്യന്തര വകുപ്പ് സർക്കാരിനു നൽകിയിരുന്ന നിർദ്ദേശത്തിൽ ഇതിന്റെ പേര് പറവൂർ സബ്ഡിവിഷൻ എന്നായിരുന്നു.
മാത്രമല്ല പറവൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുമെന്നാണ് പറഞ്ഞിരുന്നത്. ഇതു പ്രകാരം പറവൂരിൽ പഴയ സർക്കിൾ ഓഫീസ് താൽകാലികമായി നോക്കിയും വെച്ചിരുന്നതാണ്.
എന്നാൽ സർക്കാർ ഉത്തരവ് ഇറങ്ങിയപ്പോഴാണ് പേരുമാറി മുനന്പം സബ്ഡിവിഷൻ എന്നായതും ഓഫീസ് ചെറായി ബീച്ചലേക്ക് പോയതും.