തളിപ്പറമ്പ്: ഭിന്നശേഷിക്കാരെ കിണറ്റില്‍ വീഴ്ത്താനായി തളിപ്പറമ്പ് ഡിവൈഎസ്പി ഓഫീസില്‍ അപകടറാമ്പ്. എല്ലാ സര്‍ക്കാര്‍ ഓഫീസിലും വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ആയാസരഹിതമായി കയറിയിറങ്ങുന്നതിനായാണ് റാമ്പ് നിര്‍മ്മിക്കാന്‍ ഉത്തരവായത്.
കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ ജില്ലയെ ഭിന്നശേഷി സൗഹൃദ ജില്ലയായി പ്രഖ്യാപിച്ചതിന് ശേഷവും തളിപ്പറമ്പ് ഡിവൈഎസ്പി ഓഫീസില്‍ റാമ്പ് ഉണ്ടായിരുന്നില്ല. ഇതു സംബന്ധിച്ച് സിഎംപി നേതാവ് പി.പി.മോഹനന് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞമാസം റാമ്പ് പണിതത്.
1.77 ലക്ഷം രൂപ ചെലവഴിച്ച് പണിത റാമ്പ് പക്ഷെ നൂറടിയിലേറെ താഴ്ചയുള്ള കിണറിന്റെ ആള്‍മറക്ക് മുകളിലൂടെയാണ്. പണി പൂര്‍ത്തിയായപ്പോഴാണ് ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍ ഇതിലെ അപകടം മണത്തത്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം കിണറിനും റാമ്പിനുമിടയില് താത്കാലിക സുരക്ഷാവേലി ഒരുക്കിയിരിക്കയാണ് പോലീസുകാര്‍.
റാമ്പ് നിര്‍മ്മാണത്തിന് മുമ്പ് പൊതുമരാമത്ത് ബില്‍ഡിംഗ് വിഭാഗം യാതൊരുവിധ അഭിപ്രായങ്ങളും തേടിയിരുന്നില്ലെന്ന് ഡിവൈഎസ്പി പറഞ്ഞു. ഈ അപകടറാമ്പ് പൊളിച്ചുമാറ്റി സുരക്ഷിതമായ രീതിയില്‍ നിര്‍മ്മിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.