കോട്ടയം: മുൻഡിവൈഎസ്പി നീറിക്കാട്ട് പുത്തേട്ട് പി. രഘുവരൻ നായരുടെ (62) മരണത്തിൽ ദുരൂഹത. അടിവയറ്റിന് ആഴത്തിലേറ്റ മർദ്ദനമാണു മരണകാരണമെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്.
പാൻക്രിയാസിനേറ്റ ശക്തമായ ചവിട്ടോ, മർദ്ദനമോ ആണ് മരണത്തിലേക്ക് നയിച്ചതെന്നാണു സൂചന. സംഭവത്തിൽ ക്രൈബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്പോൾ പി. രഘുവരൻ നായരുടെ മരണം കൊലപാതകത്തിലേക്കു വിരൽ ചൂണ്ടുന്നു.
രഘുവരൻ നായരുടെ സഹോദരനും മുൻ പോലീസ് ഉദ്യോഗസ്ഥനുമായ പ്രസാദിന്റെ പരാതിപ്രകാരം നടന്ന അന്വേഷണമാണു കൊലപാതകസാധ്യതയിലേക്കു നീങ്ങുന്നത്. വയറുവേദനയേത്തുടർന്ന് 2019 ഏപ്രിൽ ഏഴിനു രാത്രി 8.30നു ബന്ധുക്കളാണു രഘുവരൻ നായരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
രാത്രി 12നു മരിച്ചു. രഘുവരനെ പരിശോധിച്ച ഡോക്ടർ മരണത്തിൽ സംശയം പ്രകടിപ്പിക്കുകയും പോസ്റ്റ്മോർട്ടം ആവശ്യപ്പെടുകയും ചെയ്തു. പിറ്റേന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോലീസ് സർജൻ ഡോ. നീതുവിന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തി.
പാൻക്രിയാസിനേറ്റ ആഴത്തിലുള്ള മുറിവാണു മരണകാരണമെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു. ഒന്നര ലിറ്ററിലേറെ രക്തം വയറ്റിൽ കെട്ടിക്കിടന്നിരുന്നു. പാൻക്രിയാസ് സ്വയം പൊട്ടാനുള്ള സാധ്യത തീർത്തുമില്ലെന്നു മെഡിക്കൽ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ശക്തമായി നെഞ്ചിൽ ക്ഷതമേറ്റാലേ പാൻക്രിയാസിൽ മുറിവുണ്ടാകൂ. ശക്തമായ വീഴ്ചയിലും പാൻക്രിയാസിനു പരുക്കേൽക്കാം. അങ്ങനെയെങ്കിൽ ബാഹ്യപരുക്കുകളും ഉണ്ടാകേണ്ടതാണ്. അയർക്കുന്നം പോലീസ് രജിസ്റ്റർ ചെയ്ത കേസ് (ക്രൈം നന്പർ 334/2019) ഇപ്പോൾ അന്വേഷിക്കുന്നതു ക്രൈംബ്രാഞ്ചാണ്.
ലോക്കൽ പോലീസിന്റെ അന്വേഷണം ചില ഉന്നതോദ്യോഗസ്ഥരുടെ ഇടപെടലിനേത്തുടർന്ന് അട്ടിമറിക്കപ്പെട്ടതായി ആരോപണമുയർന്നിരുന്നു. ഇതേത്തുടർന്നാണു കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്.
രഘുവരൻ നായരുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് നീറിക്കാട്ടും പരിസരങ്ങളിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും ഇവ ഒറ്റദിവസം കൊണ്ടു നീക്കം ചെയ്തതും സംഭവത്തിലെ ദുരൂഹത വർധിപ്പിച്ചു. കോട്ടയം അഡ്മിനിസ്ട്രേഷൻ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ ഡിവൈഎസ്പിയായിരുന്നു രഘുവരൻ നായർ.