ചങ്ങനാശേരി: ഹെൽമെറ്റ് ഇല്ലാതെയും മദ്യപിച്ചും രണ്ടിലധികം ആളുകളെ കയറ്റിയുമുള്ള റ്റൂവീലർ യാത്രക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സോഷ്യൽ മീഡിയയിലൂടെ പെണ്കുട്ടികൾ ചൂഷണം ചെയ്യപ്പെടുന്നത് ഒഴിവാക്കുന്നതിന് മാതാപിതാക്കൾ ജാഗ്രത പുലർത്തണമെന്നും ഡിവൈഎസ്പി വി.അജിത്. ജനമൈത്രി പോലീസ് സുരക്ഷാസമിതിയുടെ യോഗം ഇത്തിത്താനത്ത് സ്കറിയാ ആന്റണി വലിയപറന്പിലിന്റെ വസതിയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചങ്ങനാശേരി സെൻട്രൽ ജംഗ്ഷനിലെ റോഡുപണി 70 ദിവസം കൊണ്ടുതീരുമെന്ന പ്രതീക്ഷയിൽ ട്രാഫിക് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിണ്ട്. ഇതിനായി പിഡബ്ല്യൂഡി, കഐസ്റ്റിപി, കഐസ്ആർടിസി, കഐസ്ഇബി, വാട്ടർ അതോറിറ്റി തുടങ്ങിയ ഡിപ്പാർട്ടുമെന്റുകളുടെ സഹായം ലഭിക്കുന്നുണ്ടെന്നും ഡിവൈഎസ്പി കൂട്ടിച്ചേർത്തു. പരാതികൾ പോലീസ് സ്റ്റേഷനിലെത്തി ബോധിപ്പിക്കുവാൻ ബുദ്ധിമുട്ടുള്ളവർ 9497932001 എന്ന വാട്ട്സാപ്പ് നന്പരിൽ പരാതി രേഖപ്പെടുത്താവുന്നതാണ്. സെൻട്രൽ ജംഗ്ഷനിൽ റോഡുപണി നടക്കുന്നതിനാൽ റാലികളും മറ്റും അനുവദിക്കാൻ പാടില്ലെന്നും മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും യോഗത്തിൽ നിർദ്ദേശം വന്നു.
വിജനമായ സ്ഥലങ്ങളിൽ വിദ്യാർഥികൾ അടക്കമുള്ള ആളുകൾ സംശയാസ്പദമായ സാഹചര്യത്തിൽ കൂട്ടംകൂടി നിൽക്കുന്നതുകണ്ടാൽ പോലീസിൽ അറിയിക്കണം. വീടുപൂട്ടി പോകുന്നവർ പോലീസിൽ അറിയിക്കേണ്ടതാണെന്നും ഡിവൈഎസ്പി പറഞ്ഞു.രാവിലെ ഒന്പതിനു മുന്പും രാത്രി ഒന്പതിനുശേഷവും പ്രവർത്തിക്കുന്ന മദ്യഷാപ്പുകളുടെ പേരിൽ നടപടി ഉണ്ടാകും. രാത്രികാലങ്ങളിൽ ഇടവഴികളിലും മറ്റും വാഹനങ്ങളിൽ ഇരുന്നു മദ്യപാനം നടത്തുന്നത് പിടികൂടും.
റെസിഡന്റ്സ് അസോസിയേഷൻ പരിധിയിൽ നിരീക്ഷണ ക്യാമറകൾ വയ്ക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഡിവൈഎസ്പി അജിത് ചൂണ്ടിക്കാട്ടി. സുരക്ഷാസമിതി കോർഡിനേറ്റർ ജി. ലക്ഷ്ണൻ അധ്യക്ഷത വഹിച്ചു. സിഐ ബിനു വർഗീസ്, എസ്ഐ സിബി തോമസ്, സിആർഓ എഎസ്ഐ പി.എൻ. രമേശ്, സ്കറിയാ ആന്റണി വലിയപറന്പിൽ, സതീഷ് വലിയവീടൻ, ജോണ്സണ് ജോസഫ്, സാബു കോയിപ്പള്ളി, എബി ജോസ്, ജോസഫ് ഇഞ്ചിപ്പറന്പിൽ, ഗോപകുമാര പണിക്കർ എന്നിവർ പ്രസംഗിച്ചു.