കണ്ണൂർ: കണ്ണൂർ ആർടി ഓഫീസിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ജാമ്യം അനുവദിച്ച ഇ-ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കാൻ കണ്ണൂർ ടൗൺ പോലീസ് അഡ്വ.ബി.പി.ശശീന്ദ്രൻ മുഖേന ജില്ലാ കോടതിയെ സമീപിക്കുന്നു. ഇരിട്ടി സ്വദേശികളായ എബിനും ലിബിനും ഉപാധികളോടെ കണ്ണൂർ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു.
പൊതുമുതൽ നശിപ്പിച്ചതിന് 3500 രൂപ വീതം കെട്ടിവയ്ക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. എന്നാൽ, 7500 രൂപയുടെ പൊതുമുതൽ നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
കൂടാതെ നവമാധ്യമങ്ങളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്ത ഇവർ കുറ്റകൃത്യത്തിന് മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്തതായും കുട്ടികൾ ഉൾപ്പെടെയുള്ളവർ ഇതിൽ പങ്കാളികളായതായുമുള്ള റിപ്പോർട്ടാണ് പോലീസ് അഭിഭാഷകൻ മുഖേന നല്‍കുന്നത്.
ഇ-ബുൾ ജെറ്റ് സഹോദരങ്ങൾ നടത്തിയ നിയമലംഘനങ്ങളുടെ ദൃശ്യങ്ങളും കോടതിയിൽ സമർപ്പിക്കും.25000 രൂപയുടെ ആൾജാമ്യവും എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നായിരുന്നു ജാമ്യവ്യവസ്ഥയിൽ പറഞ്ഞിരുന്നത്.
പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെയുള്ള കേസുകളാണ് ഇവർക്കെതിരേ ചുമത്തിയിരുന്നത്. ഇ-ബുൾ ജെറ്റ് സഹോദരന്മാരായ എബിനും ലിബിനുമെതിരേ കലാപാഹ്വാനത്തിനും പൊതുമുതൽ നശിപ്പിച്ചതിനുമെതിരേയാണ് കണ്ണൂർ ടൗൺ പോലീസ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷ്ണർ ആർ. ഇളങ്കോയുടെ നിർദേശപ്രകാരം കേസെടുത്തിരിക്കുന്നത്.
കടുത്ത നിയമലംഘനങ്ങൾ കണ്ടെത്തിയ ഇ-ബുൾ ജെറ്റ് സഹോദരങ്ങളായ എബിന്റെയും ലിബിന്റെയും വാഹനത്തിനെതിരേ മോട്ടോർ വാഹനവകുപ്പ് തലശേരി കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. വാഹനം ആൾട്രനേഷൻ ചെയ്തതിന്റെ റിപ്പോർട്ടാണ് മോട്ടോർവാഹന വകുപ്പ് ഇന്നലെ കോടതിയിൽ സമർപ്പിച്ചത്.