കോഴിക്കോട്: ജില്ലാ കളക്ടറെ നിലയ്ക്കുനിർത്താത്തതുള്പ്പെടെ വിഷയങ്ങളില്‍ റവന്യൂമന്ത്രിയും സിപിഐ കോഴിക്കോട് ജില്ലാ നേതൃത്വവും ഇടയുന്നു. ജില്ലാനേതൃത്വത്തിന്റെ അഭിപ്രായത്തെ മുഖവിലക്കെടുക്കാന്‍ പോലും തയാറവാത്ത മന്ത്രി ഇ.ചന്ദ്രശേഖരനെതിരേയാണ് ജില്ലാ സെക്രട്ടറിയുള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയത്. സിപിഐ കോഴിക്കോട് ജില്ലാ നേതൃത്വത്തിന് മന്ത്രിയോടുള്ള അതൃപ്തി ഇന്നലെ മറനീക്കി പുറത്തുവരികയും ചെയ്തു.
ജില്ലയിലെ വിവിധ പരിപാടികള്‍ക്കെത്തിയ മന്ത്രി ഇ.ചന്ദ്രശേഖരനെ അനുഗമിക്കാന്‍ സിപിഐ ജില്ലാസെക്രട്ടറിയോ ഭാരവാഹികളോ പോലും ഉണ്ടായിരുന്നില്ല. മന്ത്രി പങ്കെടുത്ത ഭവനബോര്‍ഡിന്റെ കുടിശിക നിവാരണ അദാലത്ത്, പൂളക്കോട് വില്ലേജ് ഓഫീസ് സ്റ്റാഫ് ക്വാർട്ടേഴ്സ് ഉദ്ഘാടനം എന്നീ ചടങ്ങുകളാണ് സിപിഐ ബഹിഷ്കരിച്ചത്. സാധാരണയായി പാര്‍ട്ടിയില്‍ നിന്നുള്ള മന്ത്രിമാര്‍ സ്ഥലത്തെത്തിയാല്‍ ജില്ലാസെക്രട്ടറിയും മറ്റു നേതാക്കളും ഒപ്പമുണ്ടാവാറുണ്ട്. എന്നാല്‍ ഇന്നലെ മന്ത്രിക്കൊപ്പം ഇവരാരും ഉണ്ടായില്ല.
ഏകാധിപതിയെ പോലെയാണ് പലപ്പോഴും ജില്ലാ കളക്ടറും സബ്കളക്ടറും പെരുമാറുന്നതെന്നാണ് സിപിഐ നേതാക്കള്‍ പറയുന്നത്. ജനകീയ വിഷയങ്ങളില്‍ പോലും കളക്ടറെ സമീപിച്ചാല്‍ നേതാക്കളെ അവഗണിക്കുക പതിവാണ്. ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ കളക്ടറുള്പ്പെടെയുള്ളവരെ നിലയ്ക്കുനിർത്തുന്നതിൽ മന്ത്രി ഇടപെട്ടില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. കൂടാതെ ജനങ്ങളോട് മോശമായി പെരുമാറുന്ന വില്ലേജ് ഓഫീസര്‍മാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളൊന്നും തന്നെ മന്ത്രി പരിഗണിച്ചില്ല.
കളക്ടറേറ്റില്‍ മൂന്നു ശുചീകരണ തൊഴിലാളികളുടെ ഒഴിവുണ്ടായിരുന്നിട്ടും ഒരു സിപിഐ പ്രവര്‍ത്തകനെ പോലും പരിഗണിക്കാത്തതിലും ജില്ലാനേതൃത്വത്തിന് എതിര്‍പ്പുണ്ട്. ഇവിടെ രണ്ടു സിപിഎമ്മുകാരെയാണ് നിയമിച്ചത്. ഒരാളെ ഇപ്പോഴും നിയമിച്ചിട്ടില്ല. ഇക്കാര്യങ്ങള്‍ മന്ത്രിയ്ക്കു മുമ്പാകെ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും
അനുകൂല നിലപാട് സ്വീകരിച്ചില്ല.
ഇതേതുടര്‍ന്നാണ് ബഹിഷക്രണവുമായി നേതൃത്വം രംഗത്തെത്തിയത്. വരുംദിവസങ്ങളിലും ഇതേ നിലപാട് തുടരാനാണ് നേതൃത്വത്തിന്റെ തീരുമാനം. അതേസമയം കഴിഞ്ഞ ദിവസം മന്ത്രി വി.എസ്.സുനിൽകുമാർ പങ്കെടുത്ത കോഴിക്കോട്ടെ എല്ലാ പരിപാടികളിലും സിപിഐ ജില്ലാ നേതാക്കൾ സജീവമായി സംബന്ധിച്ചിരുന്നു.