ന്യൂഡൽഹി: രാജ്യത്ത് ഇ-കൊമേഴ്സ് മേഖലയുടെ വളർച്ച കുതിക്കുന്ന സാഹചര്യത്തിൽ ഇ-കൊമേഴ്സ് പോളിസി നടപ്പിലാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നു. 12 മാസത്തിനുള്ളിൽ നയം കൊണ്ടുവരാനാണ് നീക്കം. കഴിഞ്ഞ ദിവസം ഇ-കൊമേഴ്സ് സ്ഥാപനങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിൽ കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ ഇക്കാര്യം സൂചിപ്പിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിൽ ഇ-കൊമേഴ്സ് നയം മുന്നോട്ടുവച്ചുള്ള കരട് സർക്കാർ അവതരിപ്പിച്ചിരുന്നു. നിയമപരമായും സാങ്കേതികവിദ്യാപരമായുമുള്ള ഒരു ചട്ടക്കൂടിനുള്ളിൽ ഇ-കൊമേഴ്സ് മേഖലയെ കൊണ്ടുവരാനുള്ള നീക്കമാണിത്. കൂടാതെ ഉപയോക്താക്കളുടെ വിവരങ്ങൾ ഇന്ത്യയിൽത്തന്നെ സൂക്ഷിക്കണമെന്നും ഇടപാടുകളുടെ കൃത്യമായ കണക്കുകൾ വെളിപ്പെടുത്തണമെന്നുമുള്ള നിബന്ധനയും ഇതിൽ വരും.
കരട് രേഖയിലെ ചില പോയിന്റിൽ വിദേശ ഇ-കൊമേഴ്സ് കന്പനികൾ ആശങ്ക അറിയിച്ചിരുന്നു. ഇ-കൊമേഴ്സ് മേഖലയിലെ വിദേശനിക്ഷേപത്തിൽ നിലവിലുള്ള നിയമങ്ങളിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാരിനു പദ്ധതിയില്ല എന്ന് ഗോയൽ പറഞ്ഞു.
ഫ്ലിപ്കാർട്ട്, ആമസോണ്‍, സ്നാപ്ഡീൽ, പേടിഎം, ഇബേ, മേക്ക് മൈ ട്രിപ്, സ്വിഗ്ഗി തുടങ്ങിയ കന്പനികൾ യോഗത്തിൽ പങ്കെടുത്തു.