തിരുവനന്തപുരം: കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ ഇ- എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളായി മാറുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേരു ചേര്‍ക്കാനോ രജിസ്ട്രേഷന് പുതുക്കാനോ പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ ചേര്‍ക്കാനോ ഇനി ഉദ്യോഗാര്‍ഥികള്‍ക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പോകേണ്ടതില്ല. ഇതിനായുള്ള www.employment.kerala.gov.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഉദ്ഘാടനം മന്ത്രി ടി.പി. രാമകൃഷ്ണന് നിര്‍വഹിച്ചു.
സംസ്ഥാനത്താകെയുള്ള 84 ഓഫീസുകളും കമ്പ്യൂട്ടര്‍വത്കരിച്ച, രജിസ്റ്റര്‍ ചെയ്ത 35 ലക്ഷത്തില്‍പരം ഉദ്യോഗാര്‍ഥികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്തു കഴിഞ്ഞതായി മന്ത്രി അറിയിച്ചു. രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് ജോലി ഒഴിവുകള്‍ സംബന്ധിച്ച വിവരങ്ങളും രജിസ്ട്രേഷന് പുതുക്കേണ്ട തീയതിയും മറ്റു വിവരങ്ങളും എസ്എംഎസ് വഴി ലഭിക്കും.
സര്‍ക്കാര്‍മേഖലയിലെ തൊഴിലവസരങ്ങള്‍ക്കു പുറമേ, സ്വകാര്യമേഖലയിലെ ഒഴിവുകള്‍ സംബന്ധിച്ച വിവരങ്ങളും ഇ-എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി കാലതാമസമില്ലാതെ ഉദ്യോഗാര്ഥികളിലെത്തിക്കാന് കഴിയും. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ ആണ് ഇതിനുള്ള സോഫ്റ്റ്വെയര് തയാറാക്കിയത്.