കൊച്ചി: ജൂലൈ ഒന്നു മുതല്‍ രാജ്യത്തെ പോലീസ് സ്റ്റേഷനുകളില്‍ പരാതിക്കാർ നേരിട്ട് എത്താതെ ഇലക്ട്രോണിക് കമ്യൂണിക്കേഷനി ലൂടെ ഇ-എഫ്ഐആര്‍ (ഇലക്ട്രോണിക് പ്രഥമ വിവര റിപ്പോര്‍ട്ട്) രജിസ്റ്റര്‍ ചെയ്യുന്ന സംവിധാനം നിലവിൽ വരും. ഭാരതീയ നാഗരിക് സുരക്ഷ സന്ഹിത (ബിഎന്‍എസ്എസ്)യുടെ ഭാഗമായാണ് പുതിയ മാറ്റം ഉണ്ടാകുക.
നിലവില്‍ പരാതിക്കാരന്റെയോ, പരാതിക്കാരൻ വിദേശത്താണെങ്കിൽ അയാൾ ചുമതലപ്പെടുത്തിയ ആളിന്റെയോ നേരിട്ടുള്ള മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. സീറോ എഫ്ഐആര്‍ (മറ്റു സ്റ്റേഷനില്‍ പരാതിപ്പെട്ടാല്‍ സീറോ നമ്പറിട്ട കുറ്റകൃത്യം നടന്ന പോലീസ് സ്റ്റേഷന് കേസ് കൈമാറുന്ന രീതി) രീതിയും ഇനി ഉണ്ടാവില്ല.
പോലീസ് സ്റ്റേഷനുകളിലേക്ക് എത്തുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ നേരിട്ടെത്തിയോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം മറ്റൊരു ഉദ്യോഗസ്ഥനോ എഫ്ഐആര്‍ ഇടാം. പരാതിക്കാരന് ആശുപത്രിയില്‍ ചികിത്സയിലാണെങ്കില്‍ ഉദ്യോഗസ്ഥന് നേരിട്ട് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തുന്നതായിരുന്നു രീതി. പോലീസ് സ്വമേധയാ കേസ് എടുക്കുന്ന പരാതികളുമുണ്ട്.
എന്നാല്‍ പുതിയ സംവിധാനം അനുസരിച്ച് ഇലക്ട്രോണിക് ഉപകരണം വഴി ചിത്രം, വാക്കാലുള്ള മൊഴി, എഴുതി അയയ്ക്കുന്നത്, വീഡിയോ വഴി ലഭിക്കുന്ന മൊഴികളില്‍ കേസ് എടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണം. മൊഴി ലഭിച്ച് മൂന്നു ദിവസത്തിനകം കേസിന്റെ തീവ്രത മനസിലാക്കി പരാതിക്കാരനില്‍നിന്ന് ഇതുസംബന്ധിച്ച വിവരം ഒപ്പിട്ട് വാങ്ങണമെന്നും പുതിയ നിയമത്തില്‍ പറയുന്നു.
ഇന്ത്യന്‍ ശിക്ഷാനിയമം പ്രകാരം (ഐപിസി) പ്രതിക്ക് ശിക്ഷ കൊടുക്കുന്നതിലാണ് കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. എന്നാല്‍ ഭാരതീയ നാഗരിക് സുരക്ഷ സന്‍ഹിതയില്‍ ഇരയ്ക്ക് നീതി നല്കുന്ന രീതിക്കാണ് പ്രാധാന്യം നല്‍കുക. നിലവില്‍ സിആര്‍പിസി 154 പ്രകാരം പരാതിക്കാരന്റെ വാക്കാലുള്ള മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.
എന്നാല്‍, ഭാരതീയ നാഗരിക് സുരക്ഷ സന്ഹിത 173 ലേക്ക് വരുമ്പോള്‍ നേരിട്ടോ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വഴിയും മൊഴി നല്‍കാം എന്നുള്ളവ വ്യത്യാസമാണുളളത്.മൂന്നു വര്‍ഷത്തിനും ഏഴു വര്‍ഷത്തിനും ഇടയിലുള്ള കുറ്റകൃത്യങ്ങളെ ക്കുറിച്ചുള്ള പരാതികള്‍ ലഭിച്ചാല്‍ അത് അന്വേഷിച്ച് പ്രഥമദൃഷ്ടാ കേസ് എടുക്കേണ്ട സാഹചര്യം ഉണ്ടോയെന്ന് പരിശോധിക്കുന്നതിനായി 14 ദിവസം എസ്എച്ച്ഒയ്ക്ക് പ്രാഥമിക അന്വേഷണം നടത്താം.
ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ അനുമതിയോടെയായിരിക്കണം അന്വേഷണം നടത്തേണ്ടത്. അന്വേഷണത്തില്‍ പ്രഥമ ദൃഷ്ടാ കേസ് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് മനസിലായാല്‍ കേസ് രജിസ്റ്റര്‍ ചെയ്യേണ്ടതുമാണ്. ലഭിച്ചത് വ്യാജ പരാതികളാണെന്ന് ആദ്യം തന്നെ ഇതുമൂലം മനസിലാക്കാനാകും. നിലവില്‍ ഇത്തരം കേസുകള്‍ വന്നാല്‍ അത് എഫ്ഐആര്‍ ഇട്ട് അന്വേഷിച്ച ശേഷമാണ് വ്യാജ പരാതിയാണെന്ന് റെഫര്‍ ചെയ്യുന്നത്. പുതിയ നിയമം പ്രാബല്യത്തില്‍ വന്നാല്‍ കേസ് അന്വേഷണത്തിന് സമയലാഭം കൂടി ലഭിക്കും.
പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ കുറ്റകൃത്യം നടന്ന സ്റ്റേഷന് പരിധിയില്‍ മാത്രം പരാതി നല്കി എഫ്ഐആര്‍ ഇടാന്‍ കഴിയൂവെന്ന അവസ്ഥയ്ക്ക് മാറ്റം വരുകയാണ്. അതായത്, നിലവില്‍ എറണാകുളത്തെ ഒരു സ്റ്റേഷന് പരിധിയില്‍ നടന്ന കുറ്റകൃത്യത്തിന് ആ സ്റ്റേഷനില്‍ മാത്രമേ മൊഴിയെടുക്കാനാവു മായിരുന്നുള്ളൂ. എന്നാല്‍ ഇനി മുതല്‍ ജൂറിസ്ഡിക്ഷന് നോക്കാതെ മറ്റ് ജില്ലയിലെ സ്റ്റേഷനില്‍ പരാതി നല്കി അവിടെ മൊഴിയെടുക്കാനാകും.
സീമ മോഹന്‍ലാല്‍