തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ ഇ-ഫയലിംഗ് സംവിധാനത്തിലെ തകരാർ പരിഹാരമില്ലാതെ തുടരുന്നു. ഇ-ഫയലിംഗ് പണിമുടക്കിയിട്ട് രണ്ട് ദിവസമായി. സർക്കാരിന്റെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ഉത്തരവുകളൊന്നും ഇറക്കാനാകാത്തത് ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടായി മാറിക്കഴിഞ്ഞു. ഭരണസ്തംഭനത്തിലേക്കു സെക്രട്ടേറിയറ്റ് നീങ്ങുകയാണെന്നാണു റിപ്പോർട്ട്.
ഫയലുകൾ എല്ലാം ഇ- ഫയലിംഗിലേക്ക് മാറിയതിനാൽ പഴയ കടലാസ് രീതിയിലേക്ക് മാറ്റി ഉത്തരവിറക്കാൻ സാധിക്കാത്ത സാഹചര്യമാണ്. കേന്ദ്രസർക്കാറിനു കീഴിലുള്ള നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിനാണ് ഇ-ഫയലിംഗ് സംവിധാനങ്ങളുടെ മേൽനോട്ടച്ചുമതല. ഇ- ഫയലിംഗ് സംവിധാനം തകരാറിലായ വിവരം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും തകരാർ പരിഹരിക്കാത്തതിൽ ഐടി വകുപ്പിന് കടുത്ത നീരസം ഉണ്ട്.
തങ്ങളുടെ നീരസം എൻഐസി അധികൃതരോട് ഐടി വകുപ്പ് പ്രകടിപ്പിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. ഡൽഹിയിൽനിന്നുള്ള വിദഗ്ധ സംഘം എത്തിയാൽ മാത്രമെ തകരാർ കണ്ടെത്താൻ സാധിക്കുകയുള്ളുവെന്ന് ഒരുവിഭാഗം ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.ഒന്നരമാസം മുൻപാണ് സെക്രട്ടേറിയറ്റിൽ ഇ- ഫയലിംഗിൽ കുടുതൽ അപ്ഡേഷൻ വരുത്തിയത്.
ജോലി ഭാരം കുറയ്ക്കാനും വേഗത്തിൽ സർക്കാർ നടപടികൾ നീങ്ങാനുമാണ് ഇ- ഫയലിംഗ് സംവിധാനത്തിലേക്ക് മാറിയത്. വിവിധ വകുപ്പുകളിൽനിന്നു മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും ഒപ്പിട്ട സുപ്രധാന ഉത്തരവുകൾ പുറത്തിറക്കാനാകാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
അതിനിടെ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരിൽ ഭൂരിഭാഗം പേരും സർവീസ് സംഘടന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ്. സെക്രട്ടേറിയറ്റ് സ്റ്റാഫ് സഹകരണ സംഘം തെരഞ്ഞെടുപ്പ് അടുത്തതിനാൽ ഭാരവാഹിത്വമുള്ള ഉദ്യോഗസ്ഥ നേതാക്കൾ വിവിധ വകുപ്പുകളിലെ ജീവനക്കാരെ നേരിൽ കണ്ട് വോട്ട് അഭ്യർഥിക്കുന്ന തിരക്കിലാണ്.