കെ. ഷിന്റുലാല്‍
കോഴിക്കോട്: വിദേശബാങ്ക് അക്കൗണ്ടുകളില്‍നിന്ന് പ്രവാസി വ്യവസായികളുടെ കോടികളുടെ സമ്പാദ്യം അപഹരിക്കുന്നിതനായി ഇ-മെയില്‍ ചോര്‍ത്താന്‍ വിദേശചാരന്മാര്. വ്യവസായികളുടെ ഇ-മെയില്‍ വിവരങ്ങള്‍ ചോര്‍ത്തി ബിസിനസ് അക്കൗണ്ടുകളില്‍നിന്ന് കോടികള്‍ കവര്‍ച്ച ചെയ്യാന്‍ ചാരന്മാര് സൈബര്‍ ഇടങ്ങളില്‍ സജീവമായുണ്ട്.
കോഴിക്കോട് സ്വദേശിയായ പ്രവാസി വ്യവസായിയുടെ 70,000 യുഎസ് ഡോളറാണ് (52 ലക്ഷം) ഇത്തരത്തില്‍ തട്ടിയെടുത്തത്. സംഭവത്തില്‍ സൈബര്‍ പോലീസ് ഇന്‍സ്പക്ടര്‍ പി.രാജേഷിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ഇ-മെയില്‍ ചോര്‍ത്തിയുള്ള വന്‍ സാമ്പത്തിക തട്ടിപ്പ് ആദ്യമായാണ് സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്യുന്നത്.
ജൂണ്‍ ആദ്യവാരമാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് സ്വദേശിയായ പ്രവാസി ദുബായിയിലെ സ്വകാര്യ കമ്പനിയുടെ സിഇഒ ആയി ജോലി ചെയ്തുവരികയാണ്. ബിസിനസ് ആവശ്യാര്‍ഥം മറ്റു കമ്പനികളുമായുള്ള ഇടപാടുകള്‍ ഇ-മെയില്‍ വഴിയാണ് നടത്താറുള്ളത്.
അടുത്തിടെ വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയര്‍ പാട്സുകള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് കരാര്‍ ഒപ്പുവച്ചിരുന്നു. കോഴിക്കോടെത്തിയപ്പോള്‍ ഈ കമ്പനിയുടെതായ ഒരു ഇ-മെയില്‍ വ്യവസായിക്ക് ലഭിച്ചു. ഇടപാടുമായി ബന്ധപ്പെട്ട് നിശ്ചിത തുക അക്കൗണ്ടിലേക്ക് നല്‍കണമെന്നായിരുന്നു ആവശ്യം.
ആദ്യം 35,000 ഡോളറായിരുന്നു ആവശ്യപ്പെട്ടത്. വീണ്ടും ഇത്രയും തുക ആവശ്യപ്പെട്ടു. രണ്ടുതവണയും പണം ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്തു. അതിനിടെ മെയിലില്‍ കമ്പനിയുടെ ലോഗോയ്ക്കും മേല്വിലാസത്തിനുമൊപ്പം നല്കിയ നമ്പറില്‍ വിളിച്ചുറപ്പുവരുത്തുകയും ചെയ്തു. മറ്റുസംശയങ്ങളൊന്നും തോന്നാത്തിനാല്‍ പണമിടപാടും നടത്തി.
എന്നാല്‍ കമ്പനിയുമായി ഈ മാസം വീണ്ടും ബന്ധപ്പെട്ടപ്പോഴാണ് നേരത്തെ അയച്ച പണം ഈ കമ്പനി ആവശ്യപ്പെട്ടതല്ലെന്ന് വ്യക്തമായത്. തുടര്‍ന്ന് മെയില്‍ പരിശോധിച്ചപ്പോള്‍ തട്ടിപ്പ് നടത്തിയ സംഘം പേരില്‍ ചെറിയ വ്യത്യാസം വരുത്തിയിരുന്നതായി ശ്രദ്ധയില്‍പെട്ടു. ഫോണ്‍ നമ്പര്‍ തട്ടിപ്പ് സംഘത്തിനന്റേത് തന്നെയായിരുന്നു.
അതിനാല്‍ വിളിക്കുമ്പോഴെല്ലാം തട്ടിപ്പ് സംഘം കോള്‍ എടുക്കുകയും പണം കൈമാറുന്നതുസംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ് നല്‍കുകയും ചെയ്യുകയായിരുന്നു. തട്ടിപ്പ് വ്യക്തമായതോടെയാണ് പ്രവാസി സൈബര്‍ പോലീസില്‍ പരാതി നല്‍കിയത്.
അതേസമയം തട്ടിപ്പ് നടന്നതിന് ശേഷം മെയിലിലെ സന്ദേശങ്ങളെല്ലാം പൂര്‍ണമായും നശിപ്പിച്ചിരുന്നതായും പ്രവാസി വ്യവസായി വ്യക്തമാക്കി. സംഭവം നടന്നത് ദുബായിലുള്ള യുകെ, ചൈനീസ് ബാങ്കുകളായതിനാല്‍ ദുബായ് പോലീസിലും പരാതി നല്‍കാനാണ് വ്യവസായി തീരുമാനിച്ചത്.
സമാനമായ രീതിയില്‍ നിരവധി തട്ടിപ്പുകള്‍ക്ക് സാധ്യതയുണ്ടെന്നും അതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും സൈബര്‍ പോലീസ് അറിയിച്ചു.