തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന ആരോപണം ഉയര്ന്നതിനു പിന്നാലെ എല്ഡിഎഫ് കണ്വീനര് സ്ഥാനം ഒഴിയാന് സന്നദ്ധത അറിയിച്ച് ഇ.പി. ജയരാജന്.
ആരോഗ്യ പ്രശ്നങ്ങള് ചൂണ്ടിക്കാട്ടി എല്ഡിഎഫ് കണ്വീനര് സ്ഥാനം ഒഴിയാനാണ് നീക്കം. തനിക്കെതിരായ നീക്കങ്ങളില് കടുത്ത അതൃപ്തിയിലാണ് ഇ.പി. ജയരാജന് എന്നാണ് സൂചന.
പാര്ട്ടി കമ്മിറ്റികളില് പങ്കെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാര്ട്ടി പദവികള് ഒഴിയാനും അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച നടക്കാനിരിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില് ഇ.പി ജയരാജന് പങ്കെടുക്കില്ല. അതേസമയം വെള്ളിയാഴ്ച കോഴിക്കോട്ട് ഐഎന്എലിന്റെ പരിപാടിയില് ഇ.പി. ജയരാജന് പങ്കെടുക്കുമെന്ന് അറിയുന്നു.
ഇ.പി. ജയരാജനെതിരെ കണ്ണൂരില്നിന്നു തന്നെയുള്ള മുതിര്ന്ന നേതാവ് പി. ജയരാജന് സിപിഎം സംസ്ഥാനസമിതിയില് അനധികൃത സ്വത്ത് സമ്പാദന ആരോപണം ഉന്നയിച്ചിരുന്നു.
കണ്ണൂരിലെ ആയുര്വേദ റിസോര്ട്ടിന്റെ പേരില് ഇ.പി. ജയരാജന് അനധികൃതമായി സ്വത്ത് സന്പാദിച്ചു എന്നാണ് ആരോപണം.
അതേസമയം ഇ.പി. ജയരാജനെതിരെ പി. ജയരാജന് ഉന്നയിച്ച ആരോപണം വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചര്ച്ച ചെയ്യും.
ആരോപണത്തില് പാര്ട്ടി അന്വേഷണം പ്രഖ്യാപിച്ചാല് എല്ഡിഎഫ് കണ്വീനര് സ്ഥാനത്തുനിന്ന് ഇ.പി. ജയരാജന് മാറിനില്ക്കേണ്ടി വരും.
ഇ.പി.ജയരാജന് എതിരായ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണങ്ങള് ഇന്ന് ചേരുന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗം ചര്ച്ച ചെയ്തേക്കും.
ഇന്നും മറ്റന്നാളുമാണ് പോളിറ്റ്ബ്യൂറോ യോഗം ചേരുന്നത്. ജയരാജന് വിഷയം അജണ്ടയില് ഉള്പ്പെടുത്തിയിരുന്നില്ല. കേന്ദ്ര കമ്മിറ്റി അംഗത്തിന് എതിരെയുള്ള പരാതികളില് പിബിയാണ് നടപടി സ്വീകരിക്കേണ്ടത് എന്നിരിക്കെ വിഷയം പരിശോധനയ്ക്ക് എടുക്കാന് തന്നെയാണ് സാധ്യത.