പാലക്കാട്: കോവിഡ് വ്യാപന നിയന്ത്രണത്തിന്റെ പേരിൽ കേരളത്തിൽ നിന്നുള്ള എല്ലാ യാത്രാവാഹനങ്ങളും ചരക്കു വാഹനങ്ങളും തമിഴ്നാട് അതിർത്തിയിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധിക്കുന്നു. ഇന്നു രാവിലെയാണ് പരിശോധന തുടങ്ങിയത്. ഇതുമൂലം ഗതാഗതക്കുരുക്കും രൂക്ഷമായി. യാത്രക്കാരുടെ പ്രതിഷേധവും ശക്തമായിട്ടുണ്ട്.
തമിഴ്നാടിന്റെ ഇ- പാസ് ഉള്ളവരെ മാത്രമേ കടത്തിവിടൂ എന്ന നിലപാടിലാണ് തമിഴ്നാട് അധികൃതർ. എന്നാൽ തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണങ്ങളില്ല.അതേസമയം കേരളത്തിൽ നിന്നും വരുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമല്ലെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചിട്ടുണ്ട്.
72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ അതിർത്തി കടത്തിവിടൂ എന്ന വാർത്ത പുറത്തുവന്നതിനെ തുടർന്ന് ഗതാഗത സെക്രട്ടറി തമിഴ്നാട് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് ഈ തീരുമാനം പിൻവലിച്ചത്.
കോയന്പത്തൂരുമായി അതിർത്തി പങ്കിടുന്ന കേരളത്തിന്റെ 13 ചെക്ക്പോസ്റ്റുകളിലും തമിഴ്നാട് ആരോഗ്യവകുപ്പ്, തദ്ദേശവകുപ്പ്, പോലീസ് എന്നിവയുൾപ്പെട്ട സംഘമാണ് പരിശോധന നടത്തുന്നത്. കർണാടക, പുതുച്ചേരി, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് നടപടി ബാധകമല്ല.
എന്നാൽ ഇ- പാസ് നിർബന്ധമാക്കിയതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. യാത്രക്കാർ പലരും വാളയാറിൽ കുടുങ്ങിക്കിടക്കുകയാണ്. കെഎസ്ആർടിസി ബസുകളിൽ മാത്രം ദിവസവും അയ്യായിരത്തോളം യാത്രക്കാരാണ് അതിർത്തി കടന്നുപോകുന്നത്.
ഇവരെല്ലാം ആശങ്കയിലാണ്. എത്രയും പെട്ടെന്ന് തമിഴ്നാട് സർക്കാരുമായി ബന്ധപ്പെട്ട് നിയന്ത്രണം നീക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.