അതേ, ഇനി പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടു പോകുമെന്ന് ഭയക്കേണ്ടതില്ല. മൊബൈലില്‍ കൊണ്ടുനടക്കാവുന്ന ഇ പാസ്‌പോര്‍ട്ടുകള്‍ എത്തുന്നു. ഇതുസംബന്ധിച്ച സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുന്നത് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.കെ. സിംഗ് ആണ്. ചിപ് ഘടിപ്പിച്ച ഇ പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്യുന്നതിന്റെ ആദ്യ ഘട്ടം അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് വികെ സിങ് അറിയിച്ചു. പാസ്‌പോര്‍ട്ടുകള്‍ക്കൊപ്പം ചിപ്പുകള്‍ ഘടിപ്പിക്കുന്നതോടെ പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ ഇലക്ട്രോണിക് രീതികളിലൂടെ പരിശോധിച്ച് ശരിയാണോയെന്ന് കണ്ടെത്താനാകും. ഇതോടെ ബുക്ക് രൂപത്തിലുള്ള പാസ്‌പോര്‍ട്ടുകളുമായി നടക്കേണ്ട സ്ഥിതി അവസാനിക്കും.
പൂര്‍ണമായും ഡിജിറ്റല്‍ പാസ്‌പോര്‍ട്ടുകളിലേക്ക് മാറുന്നതോടെ മൊബൈല്‍ ഫോണില്‍ കൊണ്ടുനടക്കാനാകുന്ന പാസ്‌പോര്‍ട്ടുകള്‍ എത്തും. കേന്ദ്രസര്‍ക്കാര്‍ ഡിജിറ്റല്‍ പാസ്‌പോര്‍ട്ടിന്റെ അടുത്ത ഘട്ടമായി കാണുന്നത് ഇതാണെന്നും വികെ സിങ് അറിയിച്ചു. റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസ് സന്ദര്‍ശനത്തിനിടയിലാണ് ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് സംവിധാനത്തിന്റെ സാങ്കേതിക കാര്യങ്ങളെ കുറിച്ച് മന്ത്രി പ്രതികരിച്ചത്. ഇ-പാസ്‌പോര്‍ട്ടുകള്‍ക്ക് വേണ്ട സാങ്കേതിക സംവിധാനങ്ങളെല്ലാം ഇന്‍സ്റ്റാള്‍ ചെയ്തതായും പുതിയ പാസപോര്‍ട്ടുകള്‍ അടുത്ത വര്‍ഷത്തില്‍ വിതരണം ചെയ്യാന്‍ കഴിയുമെന്നും വികെ സിങ് പറഞ്ഞു. പുതിയ പാസ്‌പോര്‍ട്ടുകളെല്ലാം അടുത്ത വര്‍ഷം ചിപ് ഘടിപ്പിച്ചായിരിക്കും നല്‍കുക. എന്നാല്‍ എന്നുമുതല്‍ കൊടുത്തു തുടങ്ങുമെന്ന കാര്യം മന്ത്രി വ്യക്തമാക്കിയിട്ടില്ല.