ബംഗളൂരു: ഇ-പേമെന്റ് സേവനങ്ങൾ രാജ്യത്ത് ആരംഭിക്കുന്നതിന് ആർബിഎെ മുന്നോട്ടുവച്ച നിബന്ധനങ്ങൾ പാലിക്കാൻ വാട്സ്ആപ് തയാറായതായി റിപ്പോർട്ടുകൾ. നിബന്ധനങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ കേന്ദ്രസർക്കാരും ആർബിഐയും തയാറാകാത്തതിനെത്തുടർന്നാണ് കന്പനി നിബന്ധനങ്ങൾ നടപ്പിലാക്കാൻ തീരുമാനിച്ചത്.
ഇന്ത്യൻ ഉപയോക്താക്കളുടെ വിവരങ്ങൾ പൂർണമായും ഇന്ത്യയിൽത്തന്നെയുള്ള സെർവറിൽ സൂക്ഷിക്കണമെന്ന നിർദേശത്തെയാണ് പ്രധാനമായും വാട്സ്ആപ് ഉൾപ്പെടെയുള്ള വിദേശ കന്പനികൾ എതിർത്തിരുന്നത്. എന്നാൽ, വിട്ടുവീഴ്ചയ്ക്കു തയാറല്ലെന്ന് ആർബിഎെ അറിയിച്ചതോടെ വിദേശകന്പനികൾ സെർവർ ഇന്ത്യയിൽ സ്ഥാപിക്കാൻ നടപടികൾ ആരംഭിക്കുകയായിരുന്നു.
വാട്സ്ആപ് തങ്ങളുടെ ഇ- പേമെന്റ് സർവീസ് ആയ ‘വാട്സ്ആപ് പേ’യ്ക്കു വേണ്ടി ഇന്ത്യയിൽ സ്ഥാപിച്ച സെർവറിൽ ഇന്ത്യൻ ഉപയോക്താക്കളുടെ വിവരങ്ങളുടെ കോപ്പി മാത്രമാണ് സൂക്ഷിക്കുന്നതെന്നും യഥാർഥ വിവരങ്ങൾ വിദേശത്തുതന്നെയാണ് സൂക്ഷിക്കുന്നതെന്നും കേന്ദ്ര സർക്കാർ ഏജൻസികൾ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഇതേത്തുടർന്ന് വാട്സ്ആപ്പിന് അനുമതി നൽകാനാവില്ലെന്ന് ആർബിഎ അധികൃതർ വ്യക്തമാക്കിയിരുന്നു. പുതിയ സെർവറിൽ കോപ്പികൾ അല്ല യഥാർഥ വിവരങ്ങൾ തന്നെ സൂക്ഷിക്കുമെന്നാണ് വാട്സ്ആപ്പിനോടടുത്ത വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ഇതിന്റെ ഏതാനും ചില എൻജിനിയറിംഗ് വർക്കുകൾ കൂടിയേ പൂർത്തിയാക്കാനുള്ളൂ എന്നും റിപ്പോർട്ടുകളിൽ പറയുന്നു.