പാലക്കാട്: ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളിലും ഇനി എ.ടി.എം കാർഡുപയോഗിച്ച് പണമടയ്ക്കാം. ഡിജിറ്റൽ ഇന്ത്യാ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകൾക്കും ഇപോസ് മെഷീൻ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ ഡി. ബാലമുരളി നിർവഹിച്ചു. വിവര സാങ്കേതികവിദ്യയുടെ ഗുണങ്ങൾ ഭരണ സംവിധാനത്തിൽ പ്രായോഗികമായി നടപ്പാക്കിയാൽ ജനജീവിതം ആയാസകരമാക്കാമെന്നും സർക്കാർ സേവനങ്ങൾ അതിവേഗം ജനങ്ങളിലെത്താൻ ഇതുവഴി സാധിക്കുമെന്നും കളക്ടർ പറഞ്ഞു.
നികുതികളും ഫീസുകളും കറൻസി രഹിത സംവിധാനത്തിലേക്കു മാറുന്നതിലൂടെ ഓഫിസുകളിലെ ഭരണ സംവിധാനം വേഗത്തിലാക്കാൻ സഹായിക്കും. ഇപേമെന്റ് (ഇപോസ്/ യു.പി.ഐ) സംവിധാനം നടപ്പാക്കുന്പോൾ ജീവനക്കാർക്ക് സമയലാഭവും ഉണ്ടാവും. സാധാരണയായി എ.ടി.എം കാർഡ് സ്വൈപ് ചെയ്ത് പണം അടയ്ക്കുന്ന സമാനരീതി തന്നെയാണ് ഇ പോസ് മെഷീൻ മുഖേനയും പ്രയോഗിക്കുന്നത്. കൂടുതൽ വേഗത്തിലും ആധുനിക രീതിയിലുള്ള അന്തരീക്ഷത്തിലും സുതാര്യത ഉറപ്പാക്കിയുള്ള സേവനങ്ങൾ ജനങ്ങൾക്ക് നൽകുകയാണ് വില്ലേജ് ഓഫീസുകൾ സ്മാർട്ടാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
ജില്ലയിലെ 157 വില്ലേജ് ഓഫീസുകൾക്കാണ് ഇ പോസ് മെഷീൻ വിതരണം ചെയ്തത്. വിതരണത്തിനോടനുബന്ധിച്ച് വില്ലേജ് ഓഫീസർമാർക്കും ഉദ്യോഗസ്ഥർക്കും മെഷീൻ പ്രവർത്തനം സംബന്ധിച്ച് ക്ലാസ് നൽകി. പാലക്കാട് എൻ.ഐ.സി.യുടെ നേതൃത്വത്തിലാണ് റവന്യൂ ഇപേമെന്റ് സിസ്റ്റം സോഫ്റ്റ്് വെയർ വികസിപ്പിച്ചത്. കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ ഇൻഫർമേറ്റിക്സ് ഓഫീസർ എൽ.ശ്രീലത, അഡീ. ഇൻഫർമേറ്റിക്സ് ഓഫീസർ പി. സുരേഷ് കുമാർ, ജില്ലാ ഐ.ടി.സെൽ കോ- ഓർഡിനേറ്റർ യു.കെ സുരേഷ് സംസാരിച്ചു.