കോട്ടയം: ജില്ലയിലെ റേഷൻ കടകളിലെ ഇ പോസ് യന്ത്രങ്ങൾ അടുത്ത മാസം മുതൽ ചലിച്ചു തുടങ്ങും. ആധാറുമായി ബന്ധിപ്പിച്ച റേഷൻ കാർഡുടമകൾക്ക് വിരലടയാളം രേഖപ്പെടുത്തി സാധനങ്ങൾ വാങ്ങാം. ജില്ലയിലെ 989 റേഷൻ വിതരണ കേന്ദ്രങ്ങളിൽ ഇ പോസ് യന്ത്രങ്ങളിൽ രേഖപ്പെടുത്തിയാകും അടുത്ത മാസം മുതൽ റേഷൻ സാധനങ്ങളുടെ വിതരണം. എന്നാൽ രണ്ടു മാസത്തേക്ക് ഇപ്പോഴത്തെ നിലയിൽ ബുക്കിൽ രേഖപ്പെടുത്തുന്നതു തുടരണമെന്ന നിർദേശവും നല്കിയിട്ടുണ്ട്.
ഓരോ മാസത്തെയും റേഷൻ സാധനങ്ങളുടെ ലഭ്യത കാർഡുടമയുടെ മൊബൈലിൽ എത്തും. സാധനങ്ങൾ എത്ര അളവിൽ വാങ്ങി എന്നതും മൊബൈലിൽ സന്ദേശമായി കിട്ടും. ഓരോ റേഷൻകടയിലും നിലവിലുള്ള വിതരണവും സ്റ്റോക്കും സിവിൽ സപ്ലൈസ് ഓഫീസുകളിൽ അറിയാനാകും. അതാത് മാസം കടയിലുള്ള സ്റ്റോക്കിൽ അധികം വേണ്ടതു മാത്രമേ വിതരണത്തിന് ലഭിക്കുകയുള്ളു.
ഇതോടെ റേഷൻ ക്രമക്കേടിന് അവസാനമാകുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ പറഞ്ഞു. അതേ സമയം ആധാർ കാർഡില്ലാത്തവർക്ക് എങ്ങനെ റേഷൻ നല്കണമെന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല. ഇ പോസ് യന്ത്രങ്ങൾ പ്രവർത്തിച്ചു തുടങ്ങുന്പോൾ റേഷൻ കടക്കാരുടെ വേതനക്കാര്യത്തിൽ തീരുമാനം വേണമെന്ന ആവശ്യത്തിനും പരിഹാരമായി. മേയ് മാസം മുതൽ കടക്കാർക്ക് ശന്പളം ലഭിച്ചു തുടങ്ങും.
ആറു വർഷം മുൻപാണ് പുതിയ റേഷൻ കാർഡിന് അപേക്ഷ ക്ഷണിച്ച് ഇ പോസ് യന്ത്രത്തിൽ വിരലടയാളം രേഖപ്പെടുത്തി റേഷൻ വിതരണത്തിനുള്ള തുടക്കം കുറിച്ചത്. സാങ്കേതിക കാരണങ്ങൾ മൂലം ഏറെ വൈകി കഴിഞ്ഞ വർഷമാണ് വീട്ടമ്മമാരുടെ പേരിലുള്ള പുതിയ കാർഡുകൾ കിട്ടിയത്. ജില്ലയിൽ 97 ശതമാനം പേർക്കും പുതിയ കാർഡുകൾ ലഭിച്ചുകഴിഞ്ഞു.
അടുത്ത ഘട്ടം എന്ന നിലയിൽ ഇലക്ട്രോണിക് ത്രാസുമായി ഇ പോസ് മെഷീൻ ബന്ധിപ്പിക്കുന്നതോടെ കാർഡ് ഉടമയ്ക്ക് അവകാശപ്പെട്ട കൃത്യമായ അളവിൽ റേഷൻ ലഭ്യമാകും. അഞ്ചുകിലോ അരിയാണ് ഉടമ വാങ്ങിക്കുന്നതെങ്കിൽ ത്രാസിൽ 4900 ഗ്രാമാണ് തൂക്കമെങ്കിൽ ബില്ല് അടിക്കാൻ കഴിയില്ല. ഇത് ഉപഭോക്താക്കൾക്ക് സഹായകരമാകും. ത്രാസിലെ വെട്ടിപ്പ് നടക്കില്ല.
ജില്ലയിൽ റേഷൻ കടകൾ: 989. ആകെ കാർഡുടമകൾ: 4,83,874. മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്)-1,56,478. എഎവൈ വിഭാഗം (മഞ്ഞ കാർഡ്)-35,369. മുൻഗണനേതര സബ്സിഡി വിഭാഗം (നീല കാർഡ്)-1,58,772. മുൻഗണനേതര നോണ് സബ്സിഡി വിഭാഗം (വെള്ള കാർഡ്)-1,33,255. എഎവൈ വിഭാഗത്തിലുള്ളവർ ഒഴികെയുള്ള കാർഡുടമകൾ അരിക്കും ഗോതന്പിനും കിലോയ്ക്ക് ഒരു രൂപ അധികമായി നൽകേണ്ടിവരും. രണ്ടുമുതൽ അഞ്ചു കിലോവരെ ധാന്യം ഇവർക്കു ലഭിക്കുന്നുണ്ട്.