മലപ്പുറം: വില്ലേജ് ഓഫീസുകളിൽ കരമടയ്ക്കാൻ ഇനി വരിയിൽ കാത്തുനിൽക്കേണ്ട. നിങ്ങളുടെ എടിഎം കാർഡുപയോഗിച്ചു ഇനി മുതൽ പണമടയ്ക്കാം. ഇടപാടുകൾ പണരഹിതമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ വില്ലേജ് ഓഫീസുകൾക്കും ഇ-പോസ് മെഷീൻ വിതരണം ചെയ്തു. ഇ-പോസ് മെഷീനുകൾ വില്ലേജ് ഓഫീസുകൾക്കു നൽകുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറത്തു കളക്ടർ ജാഫർ മാലിക് നിർവഹിച്ചു.
സർക്കാർ നികുതികളും ഫീസുകളും കറൻസി രഹിത സംവിധാനത്തിലേക്കു മാറുന്നതിലൂടെ ഓഫീസുകളിലെ സേവനങ്ങൾ അതിവേഗം ജനങ്ങളിലെത്താൻ ഇ-പേമെന്റ് (ഇ-പോസ്, യുപിഐ) സംവിധാനം വഴി സാധിക്കുമെന്നും കളക്ടർ പറഞ്ഞു. മെഷീൻ ഇ-ട്രഷറിയുമായി ബന്ധിപ്പിച്ചതിനാൽ പണം ശേഖരിച്ച് കൈമാറുന്ന ജീവനക്കാരുടെ ജോലിയും എളുപ്പമാകും. സാധാരണയായി എടിഎം കാർഡ് സ്വൈപ്പ് ചെയ്ത് പണം അടയ്ക്കുന്ന സമാനരീതി തന്നെയാണ് ഇ-പോസ് മെഷീൻ മുഖേനയും നിർവഹിക്കുന്നത്.
കൂടുതൽ വേഗത്തിലും ആധുനിക രീതിയിലും സുതാര്യത ഉറപ്പാക്കിയുള്ള സേവനങ്ങൾ ജനങ്ങൾക്കു നൽകുകയാണ് വില്ലേജ് ഓഫീസുകൾ സ്മാർട്ടാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. വിതരണത്തിനോടനുബന്ധിച്ചു വില്ലേജ് ഓഫീസർമാർക്കും ഉദ്യോഗസ്ഥർക്കും മെഷീൻ പ്രവർത്തനം സംബന്ധിച്ച് ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ പ്രതീഷ്കുമാർ ക്ലാസെടുത്തു. നാഷണൽ ഇൻഫർമാറ്റിക് സെന്ററിന്റെ നേതൃത്വത്തിലാണ് റവന്യൂ ഇ-പേമെന്റ് സിസ്റ്റം സോഫ്റ്റ്വെയർ വികസിപ്പിച്ചത്.
വില്ലേജ് ഓഫീസുകളിലെ സേവനങ്ങൾക്കുള്ള സാധാരണ പണ കൈമാറ്റവും ഇന്റർനെറ്റ് ബാങ്കിങ് സൗകര്യവും നിലനിർത്തിക്കൊണ്ടു തന്നെയാണ് പുതുതായി ഇ-പോസ് ഇടപാടുകളും നടപ്പിലാക്കുന്നത്. മെഷീൻ ഇടപാടുകൾ പ്രചാരത്തിലാകുന്നതോടെ നേരിട്ടുള്ള പണമിടപാടുകൾ ഒഴിവാക്കാൻ കഴിയുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ തിരൂർ ആർഡിഒ ഡോ.ജെ.ഒ അരുണ്‍, ഹുസൂർ ശിരസ്തദാർ ഒ.ഹംസ, റെലീസ് കോ-ഓർഡിനേറ്റർ മദൻകുമാർ, ഐടി സെൽ കോ-ഓർഡിനേറ്റർ എ.ഇ ചന്ദ്രൻ, അക്ഷയ ജില്ലാ പ്രൊജക്ട് മാനേജർ മെവിൻ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.