കണ്ണൂർ: റേഷന്‍ കടകളിലെ വെട്ടിപ്പും പൂഴ്ത്തിവയ്പും തടയുന്നതിനായി സ്ഥാപിച്ച ഇ-പോസ് മെഷീനുകൾ മൂലം വെട്ടിലായതു ജനങ്ങൾ. മെഷീൻ തകരാറുകൾ തന്നെയാണു പ്രശ്നം. മെഷീനുകൾ പലപ്പോഴും പണിമുടക്കുന്നതിനാൽ റേഷൻ വിതരണം മുടങ്ങുന്നതും പതിവായിരിക്കുകയാണ്. ഉപയോക്താക്കൾ റേഷൻ കടകളിലെത്തുന്പോഴാണു മെഷീൻ തകരാറിലാണെന്ന വിവരം അറിയുന്നത്.
മണിക്കൂറുകളോളം കാത്തിരുന്നാലും ശരിയാകാതെ വരുന്നതോടെ ഉപയോക്താക്കൾക്ക് അടുത്തദിവസം വീണ്ടും റേഷൻ കടകളിലേക്കു വരേണ്ടതായി വരും. കടയുടമകളും കാർഡ് ഉടമകളും തമ്മിലുള്ള വാക്കുതർക്കത്തിനും ഇതു കാരണമാകുന്നു.
വൈദ്യുതി മുടങ്ങിയാലും ഇ-പോസ് മെഷീനിന്റെ കാര്യങ്ങൾ കുഴങ്ങും. റേഷൻ കടകളിൽ നിലവിൽ സ്ഥാപിച്ചിട്ടുള്ള ബാറ്ററിയിൽ ഏതാനും മണിക്കൂറുകൾ മാത്രമേ മെഷീൻ പ്രവർത്തിക്കുകയുള്ളൂ.
ഇ- പോസ് (ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ) മുഖേന ഉപയോക്താക്കളുടെ ആധാർ വിവരങ്ങൾ മെഷീനുമായി ബന്ധിപ്പിച്ചാണു റേഷൻ വിതരണം ചെയ്യുന്നത്. റേഷൻ കടയിലെത്തുന്ന ഉപയോക്താവ് മെഷീനിൽ വിരലടയാളം നൽകുമ്പോൾ ആധാർ ഡേറ്റാബേസിൽനിന്ന് അർഹമായ വിഹിതം സംബന്ധിച്ച വിവരം ലഭ്യമാകും. ഇതനുസരിച്ചാണു റേഷൻ വിതരണം.
മെഷീനുകളില്‍ പലപ്പോഴും സിഗ്നല്‍ സ്വീകരിക്കുന്നില്ലെന്നാണു റേഷൻ കടയുടമകളുടെ പരാതി. നെറ്റ് വർക്കിലെ തകരാറുകളാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. സംസ്ഥാനത്ത് 14,000 ത്തോളം റേഷൻ കടകളാണുള്ളത്.
കണ്ണൂരിൽ 830 ഉം കാസർഗോഡ് ജില്ലയിൽ 379 റേഷൻ കടകളുമുണ്ട്. ഇത്രയും റേഷൻ കടകളിൽ ഇ-പോസ് മെഷീന് വഴി പ്രവര്‍ത്തിക്കുമ്പോൾ സെര്‍വർ പണിമുടക്കുന്നതായും റേഷന്‍ വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.
റേഷന്‍ സംവിധാനത്തിലെ തട്ടിപ്പ് തടയുന്നതിനും അര്‍ഹരായവര്‍ക്കു മാത്രം റേഷന്‍ സാധനങ്ങള്‍ നല്കുന്നതിനുമാണ് ഇ-പോസ് നടപ്പാക്കിയത്. തുടക്കത്തിലുണ്ടായ മെഷീനിലെ പ്രശ്നങ്ങൾ പരിഹരിച്ചുവെന്ന് അധികൃതർ പറയുന്പോഴും പല റേഷൻ കടകളിലും തകരാറുകൾ തുടരുകയാണ്. ഉപയോക്താക്കളുടെ വിരലടയാളം മെഷീനിൽ പതിയാത്തതും പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്.
പലപ്പോഴും ഇതിനായി ഒന്നും രണ്ടും തവണ റേഷൻ കടയിലേക്ക് എത്തേണ്ട ദുരവസ്ഥയിലാണു കാർഡുടമകൾ. മലയോര-ആദിവാസി മേഖലകളിൽ പല കാരണങ്ങളാൽ യഥാസമയം റേഷൻ ലഭിക്കാതെ ബുദ്ധിമുട്ടുന്നവർ നിരവധിയാണ്.
ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ പേരിൽ ഏർപ്പെടുത്തിയിരിക്കുന്ന ഇ-പോസ് മെഷീനുകൾ വഴിയുള്ള റേഷൻ വിതരണം വ്യാപാരികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി റേഷൻ കടയുടമകൾ പറയുന്നു. തകരാറുകൾ പരിഹരിക്കാൻ അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.