കോട്ടയം: വസ്തു കരം അടയ്ക്കണമെങ്കിൽ ഇനി പണം ആവശ്യമില്ല. എടിഎം കാർഡ് മതി. ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ പണമിടപാടിന് ഇ- പോസ് മെഷീൻ എത്തി. കളക്ടറേറ്റ്് കോണ്‍ഫറൻസ് ഹാളിൽ ഇന്നലെ നടന്ന ചടങ്ങിൽ വില്ലേജ് ഓഫീസുകളിലെ കറൻസി രഹിത സേവനങ്ങളുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി ഇ.ചന്ദ്രശേഖരൻ നിർവഹിച്ചു.
ജില്ലയിലെ നൂറ് വില്ലേജ് ഓഫീസുകൾക്കുമുള്ള ഇ-പോസ് മെഷീനുകളുടെ വിതരണോദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ പി.കെ.സുധീർ ബാബു, സബ് കളക്ടർ ഈശ പ്രിയ, അസിസ്റ്റന്റ് കളക്ടർ ശിഖാ സുരേന്ദ്രൻ, എഡിഎം അലക്സ് ജോസഫ്, ഡെപ്യൂട്ടി കളക്ടർമാർ, തഹസിൽദാർമാർ, വില്ലേജ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.
ഇ-പോസ് മെഷീൻ ഉപയോഗിച്ച് പണമിടപാടുകൾ നടത്തുന്നതിലൂടെ വില്ലേജ് ഓഫീസുകളുടെ പ്രവർത്തനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാകും. ബാങ്കുകളിലും ട്രഷറികളിലും സമയ ബന്ധിതമായി പണം അടയ്ക്കുന്നതിന് ഉദ്യോഗസ്ഥർ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കൂടിയാണ് പുതിയ സംവിധാനം.
ഫെഡറൽ ബാങ്കിന്റെ സഹായത്തോടെയാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററാണ് ഇതിനാവശ്യമായ സോഫ്റ്റ്വെയർ വികസിപ്പിച്ചെടുത്തത്.