കോട്ടയം: റോഡ് ടാക്സ് അടച്ചത് അക്കൗണ്ടിലെത്താതെ ബസുടമകൾ വെട്ടിലായ സംഭവത്തിൽ കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. കളക്ടറേറ്റിലെ മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസിനോടു ചേർന്നുള്ള സേവാ കേന്ദ്രത്തിൽ നികുതി അടച്ച ഏതാനും സ്വകാര്യ ബസുടമകളാണു വെട്ടിലായിരിക്കുന്നത്. നിരവധി ബസുടമകൾ ജനസേവാ കേന്ദ്രത്തിൽ അടച്ച റോഡു നികുതിയിൽ അഞ്ചു ലക്ഷത്തോളം രൂപ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ അക്കൗണ്ടിൽ എത്തിയിട്ടില്ല.
മാർച്ച് 15 വരെയുള്ള മൂന്നു മാസത്തെ റോഡ് ടാക്സ് അടച്ചില്ലെന്ന പേരിൽ വെഹിക്കിൾ ഇൻസ്പെക്ടർ ഏതാനും ബസുകൾ റോഡിൽ പിടിച്ചപ്പോഴാണ് സംഭവം പുറത്തുവരുന്നത്. ഇതോടെയാണു ബസുടമകൾ പോലീസിൽ പരാതി നല്കിയത്. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിനു സമീപമുള്ള ഇ സേവാ കേന്ദ്രം കുടുംബശ്രീയുടെ മേൽനോട്ടത്തിലാണു പ്രവർത്തിക്കുന്നത്.
ജില്ലാ കുടുംബശ്രീ മിഷന്റെ കീഴിൽ ഒരു യൂണിറ്റായി പ്രവർത്തിക്കുന്നു. അതേസമയം പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ മൂന്നു അംഗങ്ങൾ ചേർന്നു പ്രവർത്തിപ്പിക്കുന്ന ഈ സേവാ കേന്ദ്രം വഴി ക്രമക്കേട് നടന്നിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.
മോട്ടോർ വാഹന വകുപ്പിന്റെ അനുമതിയോടെ ആരംഭിച്ച സേവാ കേന്ദ്രത്തിൽ കുടുംബശ്രീ നിയമിച്ച ഏതാനും വനിതകളാണു പണം സ്വീകരിക്കുന്നത്. മോട്ടോർ വാഹന വകുപ്പിന്റെ അക്കൗണ്ടിൽ പണം എത്താതെ വന്നതോടെ ജില്ലാ കളക്ടർക്ക് നേരിൽ പരാതി നൽകിയതായി ആർടിഒ പ്രേമാനന്ദ് പറഞ്ഞു.
അക്കൗണ്ടിൽ പണം എത്തിയാലുടൻ പണം അടച്ചവർക്ക് മെസേജ് ലഭിക്കും. തന്നെയുമല്ല കംപ്യൂട്ടറിൽനിന്ന് രസീത് കൈവശപ്പെടുത്തുകയും ചെയ്യാം. പിഴ അടക്കം വീണ്ടും മൂന്നു മാസത്തെ റോഡ് നികുതി അടയ്ക്കാൻ നിർബന്ധിതരാകുകയാണ് ബസുടമകൾ.
ഏറെ നാളായി പ്രവർത്തിക്കുന്ന ഈ സേവാ കേന്ദ്രത്തിൽ നിരവധി ബസ് ഉടമകൾ ടാക്സ് അയ്ക്കാറുണ്ട്.
മുന്പ് പരാതികളൊന്നും ഉണ്ടായിട്ടില്ല. ഇവിടെ അടയ്ക്കുന്ന തുക ബാങ്ക് വഴി ഗതാഗതവകുപ്പിന് കൈമാറുകയാണെന്നും കോട്ടയം മോട്ടോർ വാഹനവകുപ്പിനു ഇതുമായി യാതൊരു ബന്ധവുമില്ലെന്നും ആർടിഒ പറഞ്ഞു.