ന്യൂഡൽഹി: ഇ- സിഗററ്റുകൾ എന്ന് അറിയപ്പെടുന്ന ഇലക്ട്രോണിക്സ് സിഗരറ്റുകൾ ഇനി ഉപയോഗിച്ചാൽ കടുത്ത ശിക്ഷ. നിയമം ലംഘിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പിഴയും ഒരു വർഷം വരെ പിഴയും അല്ലെങ്കിൽ രണ്ടും എന്നതാകും ആദ്യ ശിക്ഷ. കുറ്റം ആവർത്തിച്ചാൽ പിഴ അഞ്ചു ലക്ഷം രൂപയും തടവ് മൂന്നു വർഷവുമായി കൂടും. ഇ- സിഗരറ്റുകൾ ശേഖരിച്ചതായി കണ്ടെത്തിയാലും ആറു മാസം തടവും 50,000 രൂപ പിഴയും ലഭിക്കും.
സ്റ്റോക്ക് ഉള്ളവർ പോലീസിനെ ഏൽപ്പിക്കണം
നിലവിൽ ഇ- സിഗററ്റുകൾ കൈവശം ഉള്ളവർ ഓർഡിനൻസ് വിജ്ഞാപനം വരുന്ന ദിവസം സ്വമേധയാ ഡിക്ലറേഷൻ നടത്തിയ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഏൽപിക്കണം. ഓർഡിനൻസ് അനുസരിച്ച് നടപടിയെടുക്കാൻ പോലീസ് എസ്ഐമാർക്കാണ് ചുമതല. നിയമം നടപ്പിലാക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് തുല്യരായ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താവുന്നതാണെന്നും കേന്ദ്ര സർക്കാർ വിശദീകരിച്ചു.
വിലയിലും ചൂടൻ
ഇ- സിഗരറ്റിന് ഇന്ത്യയിൽ 3,000 മുതൽ 30,000 രൂപ വരെയാണ് വില. നിക്കോട്ടിൻ ദ്രവം നിറയ്ക്കാൻ 700 മുതൽ 1,000 രൂപ വരെ ചെലവുണ്ട്. നിക്കോട്ടിൻ ട്യൂബ്, രുചി എന്നിവയനുസരിച്ചാണു വില.
അമേരിക്കയും നിരോധിച്ചു
നേപ്പാൾ, ശ്രീലങ്ക, ബ്രസീൽ, മെക്സിക്കോ, തായ്ലൻഡ് അടക്കം മുപ്പതോളം രാജ്യങ്ങളിൽ ഇ- സിഗരറ്റുകൾ നിരോധിച്ചു. പുകയില കൃഷിക്കാരെ സംരക്ഷിക്കുന്നതിനാണ് പക്ഷേ കൂടുതൽ രാജ്യങ്ങളും ഇതു നിരോധിച്ചത്. എന്നാൽ അമേരിക്കയും ഇന്ത്യയും ആരോഗ്യ പ്രശ്നങ്ങളാണ് മുഖ്യ കാരണമായി പറയുന്നത്.
അമേരിക്കയിലെ ന്യൂയോർക്ക് സംസ്ഥാനത്ത് മിനിയാന്നു (ചൊവ്വാഴ്ച) മുതൽ ഇ- സിഗററ്റുകൾ പൂർണമായി നിരോധിച്ചു. നേരത്തെ മിഷിഗണ് സംസ്ഥാനത്തും ഇ-സിഗരറ്റുകൾ നിരോധിച്ചിരുന്നു. ഫെഡറൽ സർക്കാർ അമേരിക്കയിലാകെ നിരോധനം നടപ്പിലാക്കാൻ കാത്തിരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് മിഷിഗണ്, ന്യൂയോർക്ക് സംസ്ഥാനങ്ങൾ നിരോധനം നടപ്പിലാക്കിയതെന്ന് ഗവർണർ ആൻഡ്രൂ കൂമോ പറഞ്ഞു. സമീപകാലങ്ങളിൽ ന്യൂയോർക്കിൽ മാത്രം ഏഴു പേർ ഇ- സിഗരറ്റു വലി മൂലമുള്ള ശ്വാസകോശ രോഗങ്ങളിൽ മരിച്ചു. നൂറുകണക്കിനാളുകൾ ചികിൽസയിലുമാണ്. ആയിരങ്ങൾ മയക്കുമരുന്നുകളുടെ ഉപയോഗത്തിലേക്കു കടക്കാനും ഇവ കാരണമായെന്ന് അമേരിക്കയിലെ അന്വേഷണത്തിൽ കണ്ടെത്തി.
ആരോഗ്യം നശിപ്പിക്കും
* ഇ- സിഗരറ്റുകളിലെ നിക്കോട്ടിൻ തലച്ചോറിന്റെ പ്രവർത്തനത്തെ നേരിട്ടു ബാധിക്കും.
* ഗർഭിണികൾ ഉപയോഗിച്ചാൽ കുഞ്ഞിന്റെ വളർച്ചയെയും ബാധിച്ചേക്കാം.
* സ്ഥിരമായ ഉപയോഗം വലിയ ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകും. ശ്വാസകോശ രോഗങ്ങൾ, ഓർമക്കുറവ്, കടുത്ത ദാഹം തുടങ്ങിയ പലതിലേക്കും നയിക്കും.
* രുചി, മണം എന്നിവയ്ക്കായി ചേർക്കുന്ന രാസവസ്തുക്കൾ ശ്വാസകോശ രോഗങ്ങൾ വഷളാക്കും.
* ആവിയിലും പുകയിലുമുള്ള രാസവസ്തുക്കളിൽ നിന്നു സിഗരറ്റുകളുടെ ദൂഷ്യഫലം ഇ-സിഗരറ്റിലും.
* പുകവലി ഉപേക്ഷിക്കാനായി കണ്ടെത്തിയ ഇ- സിഗരറ്റുകൾ മൂലം പുകവലി ശീലം മാറുന്നില്ല.
* കുട്ടികളും യുവാക്കളും മയക്കുമരുന്ന് വലിക്കുന്നതിലേക്കു വേഗം ചെന്നുപെടാനും കാരണമാകും.
ഇ- സിഗരറ്റുകൾ എന്ത്?
കാഴ്ചയിൽ സിഗരറ്റു പോലെ തോന്നിക്കുന്നതും ചൂടാകുന്പോൾ പുക പോലെ ആവി ഉള്ളിലേക്കു വലിച്ചെടുക്കാവുന്നതുമാണ് ഇ- സിഗരറ്റ്. ബാറ്ററി മൂലം സിഗററ്റ് ചൂടാകുന്പോഴാണ് ആവി കിട്ടുന്നത്. നിക്കോട്ടിനും കൃത്രിമ രുചികൾ നൽകുന്ന ചേരുവകളും ചേർത്ത ദ്രവരൂപത്തിലുള്ള മിശ്രിതമാണ് ഉള്ളിലേത്.
എൻഡ്സ് (ഇഎൻഡിഎസ്- ഇലക്ട്രോണിക് നിക്കോട്ടിൻ ഡെലിവറി സിസ്റ്റംസ്) എന്നാണ് ഒൗദ്യോഗികമായി ഇ- സിഗരറ്റുകൾ അറിയപ്പെടുക.