പാലക്കാട്: താരപ്പൊലിമ കൂട്ടുമെന്ന പ്രതീക്ഷയോടെ ബിജെപി വരവേറ്റ ഇ.ശ്രീധരന്റെ ചില പ്രസ്താവനകൾ ബിജെപിയെപ്പോലും ഞെട്ടിക്കുന്നു.
താൻ മൂലമാണ് പാർട്ടിക്ക് എന്തെങ്കിലും ഗുണമുണ്ടാകുന്നത് എന്ന മട്ടിലുള്ള അദ്ദേഹത്തിന്റെ പ്രസ്താവനയാണ് ബിജെപിക്കു വലിയ തലവേദന ആയിരിക്കുന്നത്.
ബിജെപി പ്രവേശനത്തിന്റെ പിറ്റേന്നു തന്നെ താൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാകുമെന്ന മട്ടിൽ അദ്ദേഹം പ്രസ്താവന ഇറക്കിയിരുന്നു.
ഇതിനു പിന്നാലെ തന്റെ വ്യക്തി പ്രഭാവമാണ് ബിജെപിക്ക് ഗുണം ചെയ്യുന്നതെന്നും പറഞ്ഞിരുന്നു. ഇത്തരം പ്രസ്താവനകൾ ബിജെപിയിൽ തന്നെ അസ്വസ്ഥത ഉണ്ടാക്കിയിരുന്നു.
ഇതിനിടെ, അമിത്ഷാ കേരളത്തിൽ വന്നപ്പോൾ ഇ.ശ്രീധരൻ സ്റ്റേജിൽ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തെക്കുറിച്ചു പരാമർശങ്ങളൊന്നും നടത്തിയില്ലെന്നു പ്രതിപക്ഷം പരിഹസിച്ചിരുന്നു.
ഇതോടെ പിന്നാലെ പ്രചാരണത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീധരനെ പുകഴ്ത്തി. വോട്ടെടുപ്പിനു ശേഷം അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന ചില പ്രസ്താവനകളാണ് വീണ്ടും ബിജെപിക്കു തലവേദനയായിരിക്കുന്നത്.
എംഎൽഎ ഓഫീസ്
പാലക്കാട്ട് എംഎൽഎ ഓഫീസ് തുടങ്ങിയെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് തൂക്കുമന്ത്രിസഭയ്ക്കാണു സാധ്യത. ഞാൻ ആദ്യം പറഞ്ഞതു ബിജെപിക്ക് 42 മുതൽ 70 സീറ്റുവരെ ലഭിക്കുമെന്നായിരുന്നു.
ഇപ്പോൾ 35 മുതൽ 46 വരെ സീറ്റുകൾ ബിജെപിക്കു ലഭിക്കും. തൂക്കുമന്ത്രിസഭ വന്നാൽ ഒരുപക്ഷേ രാഷ്ട്രപതിഭരണമാവാനാണു സാധ്യത. ആരെയും പിന്തുണയ്ക്കില്ലെന്നും ഇ. ശ്രീധരൻ മാധ്യമങ്ങളോടു പറഞ്ഞു.
എന്റെ സ്വഭാവ മഹിമ
എന്റെ വ്യക്തിത്വവും സ്വഭാവഗുണങ്ങളും നോക്കിയിട്ടാണ് ആളുകൾ വോട്ടു ചെയ്തത്. ബിജെപിയുടെ വളർച്ച ഞാൻ വന്നതോടെ കുറച്ചുകൂടി. മറ്റു മണ്ഡലങ്ങളിലും എന്റെ വരവ് നല്ലോണം സ്വാധീനിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പു കഴിഞ്ഞാലും ബിജെപിയിൽ തുടരും. എന്നാൽ, സജീവരാഷ്ട്രീയത്തിലുണ്ടാവില്ല. പാർട്ടിക്ക് അഡ്മിനിസ്ട്രേറ്റീവ് ഗൈഡൻസ് നൽകും.
പാലക്കാട്ട് വീടും എംഎൽഎ ഓഫീസും എടുത്തു. ജയിച്ചാലും തോറ്റാലും പാലക്കാട് ഉണ്ടാകുമെന്നും ശ്രീധരൻ പറഞ്ഞു. സജീവരാഷ്ട്രീയത്തിൽ തുടരില്ലെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയും ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.
അതേസമയം, ബിജെപി സ്ഥാനാർഥി ഇ. ശ്രീധരൻ എംഎൽഎ ഓഫീസ് തുറക്കുന്നതിനെ ഡിസിസി പ്രസിഡന്റും എംപിയുമായ വി.കെ. ശ്രീകണ്ഠൻ പരിഹസിച്ചു.
പാലക്കാട്ട് റെയിൽവേയുടെ പല പദ്ധതികളും വരുന്നുണ്ട്. അതിന് ഈ ഓഫീസ് ഉപകരിക്കും. പാലക്കാട്ടു പ്രവർത്തിക്കുന്ന ഷാഫി പറമ്പിലിന്റെ എംഎൽഎ ഓഫീസ് അതുപോലെതന്നെ തുടരുമെന്നും ശ്രീകണ്ഠൻ കൂട്ടിച്ചേർത്തു.