കോഴിക്കോട്: നിയമസഭയിലേക്കു മത്സരിക്കുന്നതിനുള്ള മണ്ഡലം മെട്രോമാന് ഇ. ശ്രീധരന് തെരഞ്ഞെടുക്കും.
ഏത് മണ്ഡലത്തില്‍ വേണമെങ്കിലും ഇ.ശ്രീധരന് മത്സരിക്കാമെന്നാണ് ബിജെപി നേതൃത്വം വ്യക്തമാക്കിയത്. മണ്ഡലം തീരുമാനിച്ചാല്‍ അക്കാര്യം ദേശീയ നേതൃത്വത്തിനെ അറിയിക്കുമെന്നും നേതൃത്വം അംഗീകാരം നല്‍കുമെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കി.
മെട്രോ സിറ്റികളായുള്ള മണ്ഡലങ്ങളില്‍ മത്സരിച്ചാല്‍ ഗുണം ചെയ്യുമെന്നാണ് സംസ്ഥാന നേതൃത്വം കരുതുന്നത്. നഗര വികസനവുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ ഏറെ സ്വാധീനം ചെലുത്താന്‍ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.
ലൈറ്റ് മെട്രോ പദ്ധതിക്കായി കാത്തിരിക്കുന്ന തിരുവനന്തപുരത്തും കോഴിക്കോടും മത്സരിക്കാനുള്ള സാധ്യതയേറയാണ് . കൂടാതെ തൃപ്പൂണിത്തുറയും തൃശൂര്‍ മണ്ഡലവും പരിഗണനിയിലുണ്ട്. പൊന്നാനിയില്‍ സ്ഥാനാര്‍ഥിയാകാമെന്നു ചര്‍ച്ചയ്ക്കിടെ ശ്രീധരന് പറഞ്ഞതായും സൂചനകളുണ്ട്.
പ്രവര്‍ത്തിക്കാനുള്ള സൗകര്യവും മറ്റും പരിഗണിച്ചും ബിജെപി നേതാക്കളുടെ അഭിപ്രായം സ്വീകരിച്ചുമാണ് അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മണ്ഡലം സംബന്ധിച്ച് അന്തിമതീരുമാനമെടുക്കുകയുള്ളൂ.
ഇ.ശ്രീധരന് ബിജെപിയില്‍ ചേരുന്നതായി ഇന്നലെ കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തിനിടെ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാണു വെളിപ്പെടുത്തിയത്. പിന്നാലെ, ശ്രീധരന് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.