പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിൽ മെട്രോമാന് ഇ. ശ്രീധരന് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്ഥിയെന്ന് പാര്ട്ടി സംസ്ഥാന അധ്യക്ഷന് കെ. സുരേന്ദ്രന്. പത്തനംതിട്ടയിലാണ് കെ. സുരേന്ദ്രന്റെ പ്രഖ്യാപനം.
വിജയയാത്രയുടെ ഭാഗമായി പത്തനംതിട്ട ജില്ലയില് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത ദിവസം മറ്റു സ്ഥാനാർഥികളെയും പ്രഖ്യാപിക്കുമെന്നും തെരഞ്ഞെടുപ്പിന് പാര്ട്ടി സജ്ജമാണെന്നും സുരേന്ദ്രന് പറഞ്ഞു.
പാലാരിവട്ടം പാലം അഴിമതിയില്ലാതെ അഞ്ച് മാസം കൊണ്ട് പൂർത്തിയാക്കാൻ ശ്രീധരനായി. അഴിമതിയില്ലാതെ വികസനമാണ് വേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു. വീടിനോട് അടുത്ത മണ്ഡലമെന്ന നിലയിൽ പൊന്നാനിയിൽ നിന്ന് മത്സരിക്കാനാണ് താത്പര്യമെന്ന് ഇന്ന് ശ്രീധരൻ വ്യക്തമാക്കിയിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനും അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകാനും താൻ തയാറാണെന്നും ശ്രീധരൻ നേരത്തെ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയായാലേ സംസ്ഥാനത്തിന്റെ വികസനത്തിനായി മനസിലുള്ള കാര്യങ്ങൾ ചെയ്യാനാവൂ.
ബിജെപി അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ കടക്കെണിയിൽ നിന്ന് രക്ഷിക്കാനും അടിസ്ഥാന സൗകര്യ വികസനത്തിനുമാവും പ്രാമുഖ്യം നൽകുകയെന്നും ശ്രീധരൻ പറഞ്ഞു. ഇതിനു പിന്നാലെയാണ് ബിജെപി ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.