പാലക്കാട് : തനിക്കുള്ള സാങ്കേതിക പരിജ്ഞാനം സമൂഹത്തിന് വേണ്ടി ഉപയോഗിക്കുന്നതിനാണ് രാഷ്ട്രീയത്തിലിറങ്ങിയതെന്ന് പാലക്കാട് മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ഇ.ശ്രീധരൻ. വികസന കാഴ്ചപ്പാടോ ദീർഘവീക്ഷണമോ ഇല്ലാതെ കേരളത്തിൽ നടപ്പിലാക്കുന്ന പദ്ധതികൾ ജനങ്ങളിൽ അധികഭാരം ഏൽപ്പിച്ചതായും ഇ.ശ്രീധരൻ പ്രസ് ക്ലബിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
കേരളത്തിൽ വികസന രാഷ്ട്രീയം മാറേണ്ടതുണ്ട്. എഴുപതുകൾക്കു മുന്പുള്ള പാലക്കാട്ടു നിന്നും വലിയ വ്യത്യാസം ഇന്നത്തെ പാലക്കാടിനുണ്ടായിട്ടില്ല. ഏറെ തുരങ്കങ്ങൾ നിർമ്മിച്ചും പ്രതിബന്ധങ്ങൾ തരണം ചെയ്തുമാണ് 7 വർഷം കൊണ്ട് കൊങ്കണ് റെയിൽവേ പൂർത്തീകരിച്ചത്.
7 വർഷം കഴിഞ്ഞിട്ടും പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നിർമ്മാണം എങ്ങുമെത്തിയില്ല. കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നിർമ്മാണം കൊണ്ട് ജനത്തിന് ഉപകാരമില്ല. ഇതേ അവസ്ഥയാണ് ഇൻഡോർ സ്റ്റേഡിയത്തിലും മോയൻസ് ഡിജിറ്റലൈസേഷനിലും സംഭവിക്കുന്നത്. കേരളത്തെ വികസനത്തിലേക്ക് നയിക്കുന്ന പദ്ധതികളോട് സംസ്ഥാന സർക്കാറിന് താൽപര്യമില്ല.
കോഴിക്കോട്, തിരുവനന്തപുരം മെട്രൊ പദ്ധതികളോട് സർകാർ മുഖം തിരിച്ചത് ഇതുകൊണ്ടാണ്. കേരളത്തിന് ഏറെ ഗുണകരമാവുന്ന നിലന്പൂർ നഞ്ചങ്കോട് റെയിൽവെ പദ്ധതിയെയും സർക്കാർ അവഗണിച്ചു. കേരള വികസനത്തിനായി നിരവധി പദ്ധതികൾ സമർപ്പിച്ചങ്കിലും അവയൊന്നും തുറന്നു നോക്കുക പോലും ചെയ്തില്ല.
വിദ്യാഭ്യാസ രംഗത്തും വൻ മാറ്റമുണ്ടാവണം. തലപ്പത്ത് രാഷ്ട്രീയക്കാരെ വെച്ചതോടെ വിദ്യാഭ്യാസ രംഗം 25 വർഷം പുറകോട്ട് പോയി.വിദ്യാഭ്യാസ വ്യവസായ രംഗങ്ങളിൽ കൂടുതൽ പദ്ധതികൾ നടപ്പിലാക്കാൻ തനിക്ക് കഴിയും. പദവിക്കോ പാരിതോഷികത്തിനോ ധനത്തിനോ വേണ്ടിയല്ല താൻ മത്സരിക്കുന്നതെന്നും ഇ.ശ്രീധരൻ പറഞ്ഞു. ബിജെപി ജില്ല പ്രസിഡന്റ് ഇ.കൃഷ്ണദാസ്, മണ്ഡലം പ്രസിഡന്റ് സ്മിതേഷ് എന്നിവരും പങ്കെടുത്തു.