കൊച്ചി: നിർമാണത്തിലെ ക്രമക്കേടുകളെത്തുടർന്ന് അടച്ചിട്ട് അറ്റകുറ്റപ്പണി നടത്തുന്ന പാലാരിവട്ടം മേൽപ്പാലത്തിൽ ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം പരിശോധന നടത്തി. രാവിലെ എട്ടോടെ ആരംഭിച്ച പരിശോധന ഒന്നര മണിക്കൂർ നീണ്ടു. ചെന്നൈ ഐഐടി വിദഗ്ധൻ ഡോ. പി. അളകസുന്ദരമൂർത്തിയും സംഘത്തോടൊപ്പമുണ്ടായിരുന്നു.
പാലത്തിന്റെ ഘടനയും നിർമാണ രീതികളും ഉൾപ്പെടെ സംഘം വിശദമായി വിലയിരുത്തി. പാലത്തിന്റെ അടിഭാഗത്തുനിന്നാണ് ആദ്യം പരിശോധന ആരംഭിച്ചത്. ഇതിനുശേഷം മുകൾഭാഗം സന്ദർശിച്ചു. തുടർന്ന് വിദഗ്ധസംഘം വിവിധ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയും നടത്തി. പരിശോധനകൾ സംബന്ധിച്ച റിപ്പോർട്ട് എന്ന് സമർപ്പിക്കുമെന്ന് സംഘം വ്യക്തമാക്കിയിട്ടില്ല.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പാലം പൂർണമായി പൊളിച്ചുമാറ്റണോ അറ്റകുറ്റപ്പണിയിലൂടെ ഗതാഗതയോഗ്യമാക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ സർക്കാർ അന്തിമതീരുമാനം എടുക്കുക. 13ന് തിരുവനന്തപുരത്ത് നടന്ന യോഗത്തിലാണു പാലം ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘത്തെകൊണ്ടു പരിശോധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. പാലം നിർമാണത്തിൽ സിമന്റ് വേണ്ടത്ര അളവിൽ ഉപയോഗിച്ചില്ലെന്ന ആക്ഷേപം ശക്തമായിരുന്നു. ചെന്നൈ ഐഐടിയുടെ റിപ്പോർട്ടിലും ഇത് വ്യക്തമാക്കിയിരുന്നു.