കൊച്ചി: മെട്രോയിലൂടെ യാത്രാരംഗത്ത് വിപ്ലവം സൃഷ്ടിച്ച ഇ.ശ്രീധരന് പുതിയ പാഠ്യപദ്ധതിയുമായി വീണ്ടുമെത്തുന്നു.നിലവില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനുള്ള സൗകര്യമില്ലെന്ന് പറഞ്ഞ ഇ. ശ്രീധരന് ഈ സാഹചര്യം തിരിച്ചറിഞ്ഞാണ് പുതിയ പദ്ധതിയുമായെത്തുന്നത്.ഫൗണ്ടേഷന് ഫോര്‍ റീസ്റ്റോറേഷന് ഓഫ് നാഷണല്‍ വാല്യൂസിന്റെ (എഫ്.ആര്.എന്‍.വി.) നേതൃത്വത്തിലാണ് പദ്ധതി തയ്യാറാക്കുന്നത്. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ (ഡി.എം.ആര്.സി.) മുഖ്യ ഉപദേഷ്ടാവായ ഇ. ശ്രീധരന് എഫ്.ആര്.എന്‍.വി.യുടെ ദേശീയ പ്രസിഡന്റാണ്. സിലബസ് ഉള്‍പ്പെടെയുള്ളവ എഫ്.ആര്.എന്‍.വി.യുടെ നേതൃത്വത്തില്‍ തയ്യാറാക്കി നല്‍കും.
സിലബസില്‍ നിന്നും മതവും രാഷ്ട്രീയവും ഒഴിവാക്കുമെന്നും മെട്രോമാന് പറയുന്നു. ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ എറണാകുളത്ത് പഠനം നടത്തിയിരുന്നു. സ്വകാര്യ സ്കൂളുകളില്‍ മൂല്യ പഠന സൗകര്യമുണ്ട്. ഇതെല്ലാം വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. അടുത്ത അധ്യയനവര്‍ഷം മുതല്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ പദ്ധതി തുടങ്ങാന്‍ അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ശ്രീധരന് പറഞ്ഞു.പെരുമാറ്റ രീതികള്‍, ആരോഗ്യകരമായ ചിട്ടകള്‍ എന്നിവയെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കാനാണ് ശ്രീധരന്റെ ലക്ഷ്യം. പദ്ധതിക്ക് എറണാകുളത്ത് തുടക്കം കുറിക്കും. മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ രണ്ടാംഘട്ടമായി അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവത്കരണവും ലക്ഷ്യമിടുന്നുണ്ട്. മാതൃകയാകേണ്ട ഭരണാധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന നടപടികളും ആശാസ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിലെ ഇരു സഭകളും തടസ്സപ്പെടുത്തുന്നതിനെതിരേ പൊതു താത്പര്യ ഹര്‍ജിയുമായി എഫ്.ആര്.എന്‍.വി. സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
കോടതിയുടെ നിര്‍ദേശം മാനിച്ച് രാജ്യസഭാ ചെയര്‍മാനും ലോക്സഭാ സ്പീക്കര്‍ക്കും ഈ വിഷയം ചൂണ്ടിക്കാണിച്ച് കത്തെഴുതി. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി അധികൃതര്‍ക്ക് വീണ്ടും കത്ത് നല്‍കിയിട്ടുണ്ട്. എഫ്.ആര്.എന്‍.വി.യുടെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍മാര്‍ക്കായി ക്ലാസ് നടത്തിയിരുന്നു. തുടര്‍ന്നും ഇത്തരത്തിലുള്ള ക്ലാസുകള്‍ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയിലെ വെള്ളക്കെട്ടിനും കൊതുകുശല്യത്തിനും പരിഹാരം കണ്ടെത്താന്‍ നഗരസഭയെ സഹായിക്കാനും എഫ്.ആര്.എന്‍.വിക്ക് പദ്ധതിയുണ്ട്. കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റി മിഷനുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. പ്രവര്‍ത്തനം താഴേത്തട്ടില്‍ നിന്ന് തുടങ്ങണം എന്നതിനാല്‍ കൊച്ചി നഗരസഭയുമായി സഹകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.