തിരുവനന്തപുരം:ഡിഎംആര്സി കേരളത്തില് നിന്ന് പോകുമ്പോള് വലിയൊരു ചോദ്യമാണ് ബാക്കിയാവുക. അഴിമതി തുടച്ചു നീക്കുമെന്നു പറഞ്ഞ് അധികാരത്തിലെത്തിയ പിണറായി സര്ക്കാരിന്റെ ഭരണമെങ്ങോട്ട് എന്നതാണ് ആ ചോദ്യം. ജേക്കബ് തോമസിനെ ഒതുക്കാനുള്ള ഉമ്മന് ചാണ്ടി സര്ക്കാരിന്റെ നീക്കങ്ങള് ചര്ച്ചയാക്കി. കൊച്ചി മെട്രോയുടെ ചുമതല ഇ ശ്രീധരന് കൊടുക്കാതിരിക്കാന് നടക്കുന്ന ഉദ്യോഗസ്ഥ തല ഇടപെടലുകള്ക്കെതിരെ അഞ്ഞടിച്ചു. അങ്ങനെ വന് ഭൂരിപക്ഷവുമായി അധികാരത്തിലെത്തി.
അതിന് ശേഷം ജേക്കബ് തോമസിനെ വിജിലന്സ് ഡയറക്ടറാക്കി. പക്ഷേ ഇതൊക്കെ വെറു കണ്ണില് പൊടിയിടാനുള്ള തന്ത്രമായിരുന്നു. അഴിമതിയ്ക്കെതിരെ പറഞ്ഞതെല്ലാം അധികാരത്തിലെത്തിയപ്പോള് പിണറായി മറക്കുകയാണ്. ആദ്യം ജേക്കബ് തോമസിനെ വെട്ടിയൊതുക്കി. ഇപ്പോള് അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തി പേരെടുത്ത മെട്രോമാനെ നാടുകടത്തുന്നതിന് തുല്യമായി ഒഴിവാക്കുകയും ചെയ്തു.
രാജ്യാന്തര തലത്തില് തന്നെ ആദരണീയ വ്യക്തിത്വമായ ശ്രീധരന് എന്ന എഞ്ചിനീയറിന്റെ അഭിപ്രായവും ഉപദേശവും ഉള്ക്കൊള്ളാന് കാത്തു നില്ക്കുന്ന ഭരണാധികാരികള് ഏറെയാണ്. ഡല്ഹി മെട്രോയും പാമ്പന് പാലവും യാഥാര്ത്ഥ്യമാക്കിയ ശ്രീധരന് പത്മവിഭൂഷണും നല്കി രാജ്യം ആദരിച്ചു. പ്രധാനമന്ത്രി മോദി അടക്കമുള്ളവരുടെ പ്രധാന ഉപദേഷ്ടാവ്. ഇത്തരത്തില് ലോകം ആദരിക്കുന്ന മലയാളിക്ക് മുഖ്യമന്ത്രി പിണറായി വിജയന് മാത്രം സന്ദര്ശനത്തിന് അനുമതി നല്കിയില്ല.
കേരളത്തോടുള്ള പ്രത്യേക സ്നേഹമാണ് ശ്രീധരനെ കേരളത്തിലെ വമ്പന് പദ്ധതികളില് സജീവമാക്കിയത്. കൊച്ചി മെട്രോ യാഥാര്ത്ഥ്യമാക്കി. നേരത്തെ നിശ്ചയിച്ചതിലും കൂടുതല് തുക പദ്ധതിക്കായി കരാറുകാരായ ഡിഎംആര്സിക്ക് നല്കേണ്ടിയും വന്നില്ല. ലോകോത്തര നിലവാരമാണ് കൊച്ചിയില് ശ്രീധരന് എത്തിച്ചത്. ഇത്തരത്തിലൊരു വ്യക്തിത്വത്തെയാണ് പിണറായി വിജയന് നിഷ്കരുണം മാറ്റി നിര്ത്തുന്നത്. പിണറായി ഇക്കാര്യം മറന്നെങ്കിലും സോഷ്യല് മീഡിയ ഇതുവരെ മറന്നില്ല.
കൊച്ചിയിലെ മെട്രോയിലെ ഉദ്ഘാടനത്തില് പ്രോട്ടോകോള് പ്രകാരം ശ്രീധരനെ ഒഴിവാക്കിയത് ഏറ്റുപിടിച്ച സൈബര് സഖാക്കള് ലൈറ്റ് മെട്രോയില് ശ്രീധരന് ഒഴിവാക്കപ്പെടുമ്പോള് സൈബര് സഖാക്കള് മൗനം പാലിക്കുകയാണ്. വിഎസിന്റെ മൗനവും ചോദ്യം ചെയ്യുന്നു. ജേക്കബ് തോമസിനെ ഒരു കാലത്ത് വിശുദ്ധനാക്കിയ സൈബര് സഖാക്കള് ജേക്കബ് തോമസ് പിണറായിക്ക് അനഭിമതനായതോടെ അദ്ദേഹത്തിനെതിരേ ആക്രമണം അഴിച്ചു വിടുകയായിരുന്നു. ഇതിന് സമാനമാണ് ശ്രീധരന്റെ കാര്യത്തിലെ മൗനവും.
മുഖ്യമന്ത്രിയെ കാണാന് ജനുവരിയില് സമയം ചോദിച്ചെങ്കിലും ഇതുവരെ ലഭിച്ചില്ലെന്ന് ഏറെ വേദനയോടെയാണ് ഡല്ഹി മെട്രോ റെയില് കോര്പറേഷന് (ഡിഎംആര്സി) മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന് പങ്കുവച്ചത്. ഇതില് അഭിപ്രായ പ്രകടനത്തിന് പോലും ഇടതുപക്ഷ സൈബര് പോരാളികള് തയ്യാറല്ല. സിപിഐ സെക്രട്ടറി കാനവും നിശബ്ദന്. പ്രതിപക്ഷമായ കോണ്ഗ്രസും ഇതൊന്നും മിണ്ടുന്നില്ല. ശ്രീധരന് എങ്ങനേയും പോയാല് മതിയെന്നാണോ എല്ലാവരുടേയും ചിന്തയെന്നാണ് സോഷ്യല് മീഡിയ ഉയര്ത്തുന്ന ചോദ്യം.
ലൈറ്റ് മെട്രോ പദ്ധതികളിലെ നിശ്ചലാവസ്ഥ അറിയിക്കാനായിരുന്നു മുഖ്യമന്ത്രിയോട് ശ്രീധരന് സമയം ചോദിച്ചത്. സാധാരണ 24 മണിക്കൂറിനകം മുഖ്യമന്ത്രി സമയം അനുവദിക്കാറുള്ളതാണ്. രാഷ്ട്രീയമായി തിരക്കിലായതിനാലാവാം അദ്ദേഹം സമയം നല്കാതിരുന്നതെന്നു കരുതുന്നതായി ശ്രീധരന് പറഞ്ഞു. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ റെയില് പദ്ധതികളിലേക്ക് ഇനി സര്ക്കാര് ക്ഷണിച്ചാലും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ലൈറ്റ് മെട്രോ പദ്ധതികളില് നിന്നു ഡിഎംആര്സി പിന്മാറുകയാണെന്നറിയിച്ചു സര്ക്കാരിനു ഫെബ്രുവരി 16നു കത്തു നല്കി. തലശേരി മൈസൂരു റെയില്പാത സാമ്പത്തികമായി പ്രായോഗികമല്ലെന്നു റിപ്പോര്ട്ട് നല്കിയതാവാം സര്ക്കാരിനു ഡിഎംആര്സിയില് താല്പര്യം കുറയാനുള്ള കാരണമെന്നും ശ്രീധരന് പറയുന്നു.
കോഴിക്കോടും തിരുവനന്തപുരത്തും ഡിഎംആര്സി ആരംഭിച്ച ഓഫിസുകളുടെ പ്രവര്ത്തനം 15ന് അവസാനിപ്പിക്കും. 2012 ഏപ്രില് മുതല് ഈ ഓഫിസുകള് പ്രവര്ത്തിക്കുന്നു. 15 മാസമായി ലൈറ്റ് മെട്രോ പദ്ധതികളുടെ കാര്യത്തില് ഒന്നും നടക്കുന്നില്ല. പലവട്ടം ഇക്കാര്യം സര്ക്കാരിന്റെ ശ്രദ്ധയില്പ്പെടുത്തിയതാണ്. ലൈറ്റ് മെട്രോകള് ഡിഎംആര്സി നിര്മ്മിക്കണമെന്ന് ഉത്തരവിറക്കിയതല്ലാതെ ഇതിനു കരാര് ഒപ്പിട്ടില്ല. കരടു കരാര് സര്ക്കാരിനു നല്കിയിട്ടു 15 മാസം കഴിഞ്ഞു. കേരള റാപിഡ് ട്രാന്സിറ്റ് കോര്പറേഷന് ലിമിറ്റഡ് (കെആര്ടിസിഎല്) ബോര്ഡ് യോഗത്തില് രണ്ടു പദ്ധതിയും ടെന്ഡര് ചെയ്തുകൂടേ എന്ന് അഭിപ്രായമുയര്ന്നു. ഇത്തരം അവഗണനകളില് മനം മടുത്തതിനെത്തുടര്ന്നായിരിക്കാം സ്വയം ഒഴിഞ്ഞു പോകാം എന്ന് വിചാരിച്ചത്.