വടക്കഞ്ചേരി: എങ്ങനെയൊക്കെ ഫണ്ട് ദുർവ്യയം ചെയ്യാം എന്നതിന്റെ സ്മാരകമായി മാറിയിരിക്കുകയാണ് വടക്കഞ്ചേരി ടൗണിൽ ചെറുപുഷ്പം സ്കൂൾ ജംഗ്ഷനിലുള്ള ഇ ടോയ്ലറ്റ് എന്ന ഓമനപ്പേരിലുള്ള ഇലക്ട്രോണിക്സ് ടോയ്ലറ്റുകൾ. ഉദ്ഘാടനത്തിനു ശേഷം ഏതാനും മാസം തട്ടിമുട്ടി പ്രവർത്തിച്ച ഈ ടോയ്ലറ്റുകളുടെ സ്ഥിതി ഇപ്പോൾ ഇങ്ങനെയാണ്.
ഒരാൾ പൊക്കത്തിലുള്ള പുല്ലും പൊന്തക്കാടും.രണ്ടു ലക്ഷം രൂപ നൽകി (ഇപ്പോൾ നാല് ലക്ഷ മാക്കിയിട്ടുണ്ട്) പാവപ്പെട്ടവരോട് വീടും അതിനോട് ചേർന്ന് കക്കൂസും നിർമ്മിക്കണമെന്ന് പറയുന്ന വകുപ്പ് അധികാരികളും ജന നേതാക്കളുമാണ് ഈ പകൽകൊള്ളക്ക് കൂട്ടുനിന്നത്.
30 ലക്ഷം രൂപയ്ക്കാണ് നാല് ഇ ടോയ്ലറ്റുകൾ പണിതത്. ഇതിനൊപ്പമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് ചെലവാക്കിയെന്ന് പറയുന്നത് 15 ലക്ഷം രൂപയും. നിത്യ ചെലവുകൾക്കായി രാപകൽ അധ്വാനിക്കുന്നവർ ഈ തുക കേട്ടാൽ ഞെട്ടും.
ഇത്രയും തുക മുടക്കി ടോയ്ലറ്റുകൾ പണിതതു കൊണ്ട് യാത്രക്കാർക്ക് യാതൊരു പ്രയോജനവുമുണ്ടായിട്ടില്ല.
ഇപ്പോൾ ശങ്ക തീർക്കണമെങ്കിൽ കെട്ടിടങ്ങളുടെ മറവിലോ ഇടവഴിയിലെ പോയി പുരുഷന്മാർക്ക് കാര്യം നടത്താം. എന്നാൽ സ്ത്രീകളും പെണ്കുട്ടികളുമാണ് ഇതിനൊന്നും കഴിയാതെ ബുദ്ധിമുട്ടുന്നത്.ആരാണ് യാത്രക്കാരുടെ ഈ വിഷമം അറിയുക.
ഒന്നോ രണ്ടോ ലക്ഷം രൂപ ചെലവഴിച്ച് സാധാരണ ടോയ്ലറ്റുകൾ നിർമ്മിച്ചിരുന്നെങ്കിൽ അത് ഇപ്പോഴും നിലനിൽക്കുമായിരുന്നു. ഇവിടെയെത്തുന്ന നൂറുകണക്കിന് യാത്രക്കാർക്കും അത് പ്രയോജനപ്പെടുമായിരുന്നു.മുൻ മന്ത്രി കൂടിയായിരുന്ന എ. കെ ബാലന്റെ എംഎൽഎ ഫണ്ടിൽ നിന്നാണ് ഇത്രയും തുക ചെലവഴിച്ച് 2014 ജൂണിൽ ബസ് വെയ്റ്റിംഗ് ഷെഡ് കം ഇ ടോയ്ലറ്റ് നിർമ്മിച്ച് ഉദ്ഘാടനം ചെയ്തത്.
അന്ന് എം എൽ എയായിരുന്ന എ. കെ ബാലൻ തന്നെയായിരുന്നു ഉദ്ഘാടകൻ. വെയ്റ്റിംഗ് ഷെഡിനോട് ചേർന്ന് സ്ത്രീകൾക്കും പുരുഷന്മാർക്കുമായി രണ്ടുവീതം ഇ ടോയ്ലറ്റുകളാണ് നിർമിച്ചിട്ടുള്ളത്. ഒരു രൂപയുടെയോ രണ്ട് രൂപയുടെയോ കോയിൻ ഇട്ടാൽ ടോയ്ലറ്റ് ഉപയോഗിക്കാം. ഡോർ തുറക്കുന്പോൾ താനെ ലൈറ്റും ഫാനും വെള്ളവും സജ്ജമാകും.
കൈ കാണിച്ചാൽ പൈപ്പിൽ നിന്നും വെള്ളം വരും. ഉദ്ഘാടന സമയത്ത് ഇ ടോയ്ലറ്റിന്റെ പ്രവർത്തനം വിവരിച്ചപ്പോൾ ഉദ്ഘാടന ചടങ്ങിനെത്തിയവരെല്ലാം അന്തം വിട്ട് കേട്ടു നിന്നു.എന്തൊരു വികസനം കൂടിനിന്നവർ പരസ്പരം അടക്കം പറഞ്ഞു. ഇ ടോയ്ലറ്റ് പ്രവർത്തനം തുടങ്ങി അധിക ദിവസം കഴിഞ്ഞില്ല.
ശങ്ക തീർക്കാൻ അകത്തു കയറിയ വീട്ടമ്മ പുറത്ത് കടക്കാനാകാതെ ഉളളിൽ കുടുങ്ങി.സ്ഥലത്തുണ്ടായിരുന്ന മറ്റു യാത്രക്കാരെല്ലാം ഡോർ തുറക്കാൻ പല പണി നടത്തിയെങ്കിലും വിജയിച്ചില്ല.ഒടുവിൽ ഫയർ ഫോഴ്സിനെ വരുത്തിയാണ് വീട്ടമ്മയെ പുറത്ത് കടത്തിയത്. അപ്പോഴെക്കും ശ്വാസം കിട്ടാതെ വീട്ടമ്മ അവശനിലയിലായിരുന്നു.
ആളെ കുടുക്കുന്ന ഇത്തരം സംഭവങ്ങൾ ഇടക്കിടെ ആവർത്തിച്ചു. ഇപ്പോൾ ഇത് കാണുന്പോൾ തന്നെ യാത്രക്കാർക്ക് പേടിയാണ്.ഉറപ്പിലും ശുചിത്വത്തിലും ഇതിനെ മറികടക്കാൻ മറ്റു കക്കൂസുകൾക്കൊന്നും കഴിയില്ലെന്നായിരുന്നു ഇ ടോയ്ലറ്റ് നിർമ്മിച്ച പൊതുമരാമത്ത് ഇലക്ട്രോണിക്സ് വിഭാഗത്തിന്റെ അവകാശവാദം.
ഇതിലൊന്നും ഇപ്പോഴും യാത്രക്കാർക്ക് എതിർപ്പുകളോ എതിരഭിപ്രായങ്ങളോ ഇല്ല. പക്ഷേ തുറന്നു ഉപയോഗിക്കാൻ കഴിഞ്ഞെങ്കിലല്ലേ ഉറപ്പും ശുചിത്വവും അറിയാനാകു എന്നാണ് യാത്രക്കാർ ചോദിക്കുന്നത്.ഇ ടോയ്ലറ്റ് ഉപയോഗിക്കാനാകാതെ കിടന്ന് ആറ് വർഷത്തോളമായെങ്കിലും അത് അറ്റകുറ്റപണി നടത്താനോ സംവിധാനങ്ങളിലെ പോരായ്മകൾ പരിഹരിക്കാനോ ബന്ധപ്പെട്ടവരാരും മെനക്കെടുന്നുമില്ല.
പുതിയ കണ്ടുപിടുത്തത്തിന്റെ വീര കഥകൾ പറഞ്ഞ് ജനങ്ങളെ ഹരം കൊള്ളിച്ച പൊതുമരാമത്ത് ഇലക്ട്രോണിക്സ് വിഭാഗവും തിരിഞ്ഞു നോക്കുന്നില്ല. മന്ത്രിയായിരുന്നപ്പോഴും ഇപ്പോഴും എ.കെ.ബാലൻ പല തവണ ഇതുവഴി കടന്നു പോകുന്നുണ്ടെങ്കിലും ഇത്രയേറെ ലക്ഷങ്ങൾ മുടക്കി പാഴായി കിടക്കുന്ന ടോയ്ലറ്റുകളെക്കുറിച്ച് പരിശോധിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്.